ഹൈക്കോടതി അനുമതി നല്‍കി; കണ്‍സ്യൂമര്‍ ഫെഡ് വിഷു ചന്തകള്‍ നാളെ മുതല്‍


കൊച്ചി: വിഷു ചന്ത തുടങ്ങാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. അനുമതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ സബ്‌സിഡി അടക്കമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പ്രസ്താവിച്ചത്.

മധ്യവര്‍ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും അതുകൊണ്ട് ഇത്തരമൊരു സഹായം ജനങ്ങള്‍ക്ക് കിട്ടുന്നതിനെ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ കയ്യില്‍ പണമില്ല. ക്ഷേമ പെന്‍ഷനുകളും ഭാഗികമായേ നല്‍കിയിട്ടുള്ളൂ. ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണെന്നും കോടതി പറഞ്ഞു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചന്തകള്‍ നാളെ തന്നെ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എ മെഹബൂബ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ റംസാന്‍ വിഷു ചന്ത നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. 13ഭക്ഷ്യ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുക.

മുന്‍ തിരഞ്ഞെടുപ്പ് കാലത്തും ചന്തകള്‍ നടത്തിയിട്ടുണ്ട്. ചന്ത നടത്തുന്ന കാര്യം ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തെ പട്ടിണിക്കിട്ട് കൊല്ലുക, ദ്രോഹിക്കുക എന്ന നയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മാസം 18 വരെ ചന്തകള്‍ നടത്തും. 13 സബ്സിഡി ഇനങ്ങള്‍ നല്‍കും. താലൂക്ക് തലത്തിലും ചന്തകളുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് ചന്ത തുടങ്ങാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കിയിരുന്നില്ല. വിഷുചന്തകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍, ചന്തകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് വിഷു ചന്ത തുടങ്ങാന്‍ കോടതി അനുമതി നല്‍കിയത്.