കോവിഡ് കാലത്ത് തുടങ്ങിയ ശ്രമം, രണ്ടുവര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കി; 1.25 കിലോമീറ്റര്‍ നീളത്തില്‍ ഖുര്‍ആന്‍ പകര്‍ത്തിയെഴുതി  ഗിന്നസ് റെക്കോഡ് പ്രതീക്ഷയില്‍ മലപ്പുറം സ്വദേശി ജസീം


തിരൂരങ്ങാടി: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ 1.25 കിലോമീറ്റര്‍ നീളത്തില്‍ കാലിഗ്രാഫി രീതിയില്‍ പകര്‍ത്തിയെഴുതി യുവാവ്. ചെറുമുക്ക് സലാമത്ത് നഗറിലെ മാട്ടുമ്മല്‍ മുഹമ്മദ് ജസീമാണ് ഖുര്‍ആന്‍ പകര്‍ത്തിയിരിക്കുന്നത്. ഈ അപൂര്‍വനേട്ടത്തിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗിന്നസ് റെക്കോഡ് അധികൃതര്‍ പതിപ്പ് പരിശോധിക്കും. 17-ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രദര്‍ശനംകാണാന്‍ ഗിന്നസ്ബുക്ക് അധികൃതരുമെത്തും.

മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യയിലെ വിദ്യാര്‍ഥിയാണ് മാട്ടുമ്മല്‍ മൊയ്തീന്‍-ആസ്യ ദമ്പതിമാരുടെ മകനായ ജസീം. തിരൂര്‍ ചെമ്പ്രയില്‍ സലാഹുദ്ദീന്‍ ഫൈസിയുടെ കീഴില്‍ ദര്‍സ് വിദ്യാര്‍ഥിയായിരിക്കെയാണ് ഖുര്‍ആന്‍ പകര്‍ത്തിയെഴുതാന്‍ തുടങ്ങിയത്.

കോവിഡ് കാലത്ത് തുടങ്ങിയ ശ്രമം രണ്ടുവര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കി. ഖുര്‍ആനിലെ 114 അധ്യായങ്ങളും എഴുതി.

നിലവില്‍ ഈജിപ്ത് സ്വദേശിയുടെ പേരിലാണ് റെക്കോഡ്. 700 മീറ്റര്‍ നീളമുള്ള ഖുര്‍ആന്‍ കൈയെഴുത്ത് പ്രതിയുടെ ആ റെക്കോഡിന് ഏറെ മുകളിലാണ് ജസീമിന്റെ നേട്ടം.

ദര്‍സ് അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനംകൂടി കിട്ടി. ഖുര്‍ആന്‍ പതിപ്പ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പരിശോധിച്ച് ജസീമിനെ അഭിനന്ദിച്ചു.

summary: a native of malappuram is hopping for a guinness record for copying the Quran