‘ലോകകപ്പില്‍ ഇഷ്ട ടീം തോറ്റതിന്റെ നിരാശ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച് തീര്‍ക്കരുതേ…’ ഫുട്‌ബോള്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി കൊയിലാണ്ടി നഗരസഭ, ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സുരക്ഷിതമായി സംസ്‌കരിക്കും


കൊയിലാണ്ടി: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള നാല് ടീമുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പുറത്തായ ടീമുകളുടെ ആരാധകര്‍ നിരാശയിലാണ്.

ലോകകപ്പ് തുടങ്ങുമ്പോള്‍ പ്രമുഖ ടീമുകളുടെ എല്ലാം ആരാധകര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തങ്ങളുടെ ടീമിനോടുള്ള ഇഷ്ടം വിളിച്ചോതിയിരുന്നു. ടീമുകള്‍ പുറത്താകുന്നതിനനുസരിച്ച് പല ആരാധകരും തങ്ങള്‍ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു. എന്നാല്‍ നിരാശരായ ചില ആരാധകര്‍ തങ്ങളുടെ ദേഷ്യം മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളോട് തീര്‍ക്കുന്ന കാഴ്ചയും പലയിടത്തും കണ്ടിരുന്നു. സ്വന്തം ടീമിന്റെയും എതിര്‍ ടീമിന്റെയും ഫ്‌ളക്‌സുകള്‍ നശിപ്പിച്ച് നിരാശ തീര്‍ക്കുന്ന ആരാധകരും നമുക്കിടയിലുണ്ട്.

അത്തരം ആരാധകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് കൊയിലാണ്ടി നഗരസഭ. ഇഷ്ട ടീമുകളുടെ പതനത്തിന്റെ നിരാശ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നശിപ്പിച്ച് തീര്‍ക്കരുതെന്നാണ് നഗരസഭയുടെ അഭ്യര്‍ത്ഥന. എതിര്‍ടീമിന്റെ മാത്രമല്ല, സ്വന്തം ടീമിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് ആയാലും അത് വലിച്ച് ചീന്തുകയോ കത്തിക്കുകയോ ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നത് നമ്മുടെ പരിസ്ഥിതിക്ക് ദോഷമാണെന്നും നഗരസഭ ഫുട്‌ബോള്‍ ആരാധകരെ ഓര്‍മ്മിപ്പിക്കുന്നു.

ആവശ്യം കഴിഞ്ഞ ഫ്‌ളക്‌സുകള്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനും നഗരസഭ ഉത്തരം നല്‍കുന്നുണ്ട്. ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നഗരസഭയെയോ ഹരിതകര്‍മ്മ സേനയെയോ ഏല്‍പ്പിച്ചാല്‍ അവര്‍ അത് സുരക്ഷിതമായി സംസ്‌കരിക്കും.

ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഭദ്രമായി സംസ്‌കരിക്കാന്‍ നഗരസഭയുമായി സഹകരിക്കണമെന്ന് എല്ലാ ഫുട്‌ബോള്‍ ആരാധകരോടും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അഭ്യര്‍ത്ഥിക്കുന്നു.