പേരാമ്പ്ര പന്തിരിക്കരയിൽ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോയില്‍ കാട്ടുപന്നിയിടിച്ചു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
പേരാമ്പ്ര: പന്തിരിക്കര പള്ളിക്കുന്നില്‍ കാട്ടുപന്നി ഓട്ടോയിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മുള്ളൻകുന്ന് സ്വദേശി കല്ലുള്ള പറമ്ബില്‍ റിനീഷാണ് (41) അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 10ന് കടിയങ്ങാട് നിന്ന് പന്തിരിക്കരയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തലയ്ക്കും കാലിനും മുറിവേറ്റ ഇദ്ദേഹത്തെ നാട്ടുകാർ പന്തിരിക്കരയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തകർന്നു. നേരത്തെ ഈ ഭാഗത്ത് വച്ച് ഒരു ബൈക്ക് യാത്രക്കാരനും പന്നിയിടിച്ച് പരിക്കേറ്റിരുന്നു.
പന്തിരിക്കര, പള്ളിക്കുന്ന് പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. വാഹന യാത്രക്കാർക്കും കാല്‍നടയാത്രക്കാരും ഭയത്തോടെയാണ് ഇവിടെ യാത്ര ചെയ്യുന്നത്. കാട്ടുജീവി ശല്യം കാരണം അതിരാവിലെ ജോലിക്കും പ്രഭാത സവാരിക്കും പോകുന്നവർ ഭയത്തിലാണ്. പ്രദേശത്ത് കൃഷി ചെയ്യാനും കഴിയുന്നില്ല. കാട്ടുമൃഗ ശല്യത്തിന് അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Summary: Auto overturned in Perampra after being hit by a wild boar; The driver was injured