ആരോഗ്യപ്രശ്നങ്ങളെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം, വൈദ്യ പരിശോധനയില്‍ പരാജയം; രാഹുൽ മാങ്കൂട്ടത്തിലിന്‌ ജാമ്യം നിഷേധിച്ച് കോടതി, 22വരെ റിമാന്റില്‍


തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി രാഹുൽ കൊടുത്ത ജാമ്യഹർജി തള്ളി. 14 ദിവസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

രണ്ട് വിഭാഗത്തിന്റെയും വാദഗതികള്‍ കേട്ടതിന് ശേഷമാണ് കോടതിയുടെ തീരുമാനം. രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നെങ്കിലും വൈദ്യ പരിശോധനയിൽ രാഹുലിന് അത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.

പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടില്‍ നിരവധി ഗുരുതര കുറ്റങ്ങളാണ് രാഹുലിനെതിരെയുള്ളത്. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപാഹ്വാനം നടത്തല്‍ പൂജപ്പുര എസ്എച്ച്ഒ ഉള്‍പ്പെടെ ഒരുപാട് പൊലീസുകാര്‍ക്ക് പരിക്കേറ്റ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കല്‍, ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തല്‍, പൊതുമുതല്‍ നശിപ്പിച്ച് സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കല്‍ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളാണ്.

രാഹുലിൻ്റേതും കൂട്ടാളികളുടേതും നിയമവിരുദ്ധ സംഘം ചേരലാണെന്ന് പറഞ്ഞ കോടതി ആക്രമിക്കാന്‍ പട്ടികകളുമായി എന്തിനാണ് മാർച്ചിന് വന്നതെന്നുള്ള ചോദ്യവുമുന്നയിച്ചു. പ്രോസിക്യൂഷന്‍ സംഘർഷത്തിൻ്റെ തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയിരുന്നു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും രാഹുലിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. സമാന കുറ്റകൃത്യം പ്രതി ഇനിയും അവർത്തിക്കാനിടയുണ്ടെന്നും ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർ അന്വേഷണത്തിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

രക്തം കട്ട പിടിക്കുന്ന അസുഖത്തിന് ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നും  പൊതു മുതൽ നശിപ്പിച്ചതിൽ രാഹുലിൻ്റെ പങ്ക് തെളിയിക്കാൻ പോലീസിന് സാധിച്ചിട്ടില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധം നിയമ വിരുദ്ധ പ്രവർത്തി അല്ലെന്നും പോലീസുകാർ മാത്രം സാക്ഷികളായ കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ സാഹചര്യമില്ലെന്നമായ വാദങ്ങളാണ് പ്രതിഭാഗം നടത്തിയത്. കൂടാതെ കസ്റ്റഡിയിൽ എടുത്ത ശേഷമാണ് നോട്ടീസ് നൽകുന്നതെന്നും ഇത് നിയമപരമല്ലെന്നും കസ്റ്റഡി ആവശ്യത്തെ എതിർത്തുകൊണ്ട് പ്രതിഭാഗം കോടതിയിൽ അറിയിച്ചു.  അക്രമസ്ഥലത്ത് പട്ടികയുമായി എത്തിയിട്ടില്ലെന്നും അവ കൊടികെട്ടുന്ന വടികളാണെന്നും രാഹുലിൻ്റെ അഭിഭാഷകൻ പറഞ്ഞതെങ്കിലും കോടതി ആ വാദം തള്ളി.

രാഹുലിനെ അടൂരിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് വാഹനം ഉൾപ്പെടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്  ഒന്നാം പ്രതിസ്ഥാനത്തുള്ളത്.