വാല്യക്കോട് സിപിഎമ്മിന്റെ ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ കോണ്‍ഗ്രസിന് ബന്ധമില്ല, പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള തല്‍പ്പര കക്ഷികളുടെ ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ്



പേരാമ്പ്ര: വാല്യക്കോട് സിപിഎമ്മിന്റെ ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്ന് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍. സംഭവത്തിന് പിന്നില്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തല്‍പ്പര കക്ഷികളുടെയോ സാമുഹിക ദ്രോഹികളുടെയോ നീക്കമാണെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നൊച്ചാടെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ രാഷ്്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം പ്രദേശത്ത് യാതൊരുവിധ പ്രകടനങ്ങളോ, പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്നാണ് തീരുമാനിച്ചിരുന്നതെന്ന് മധുകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ യോഗത്തിന് ശേഷം വൈകുന്നേരം മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെ അക്രമിക്കുന്ന സംഭവമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളുണ്ടായിട്ടും കോണ്‍ഗ്രസ് സംയമനത്തോടെയാണ് പെരുമാറിയത്. എന്നിട്ടും കോണ്‍ഗ്രസിന് മേല്‍ കുറ്റമാരോപിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ സമാധാനത്തോടെ പോകുന്ന പ്രദേശമാണ് വാല്യക്കോട്. അവിടെ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഒരു ശ്രമവും കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാല്യക്കോടെ സി.പി.എം ഓഫീസ് ഇന്നലെ രാത്രിയാണ് തീയിട്ടു നശിപ്പിച്ചത്. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. റോഡിലൂടെ കടന്നുപോവുകയായിരുന്ന വഴിപോക്കനാണ് ഓഫീസില്‍ തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.