പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്, ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോയുമായി കെ കെ ശെെലജ ടീച്ചർ


Advertisement

വടകര: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണിക്ക് അവസാനിക്കും. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ.

Advertisement

വടകര മണ്ഡലത്തിലെ കൊട്ടിക്കലാശം തലശ്ശേരിയിലാണ്. വടകര, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര ഉൾപ്പെടെയുള്ള കോഴിക്കോട് ജില്ലാ പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി കൊട്ടിക്കലാശം ഉണ്ടാവില്ല. എന്നാൽ ഇന്ന് രാവിലെ മുതൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശെെലജ ടീച്ചറിന്റെ നേതൃത്വത്തിൽ റോഡ് ഷോ ആരംഭിച്ചു കഴിഞ്ഞു.

Advertisement

രാവിലെ കൊയിലാണ്ടിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. പയ്യോളി, മേപ്പയ്യൂർ, പേരാമ്പ്ര, കടിയങ്ങാട്, കുറ്റ്യാടി, ആയഞ്ചേരി, മേമുണ്ട, വടകര, ഓർക്കാട്ടേരി, നാദാപുരം വഴി തലശ്ശേരിയിൽ സമാപിക്കും. വിവിധ മേഖലകളിൽ വോട്ടഭ്യർത്ഥിച്ചും കുടുംബയോ​ഗങ്ങൾ, റോഡ് ഷോ, യൂത്ത് വിത്ത് ടീച്ചർ ഉൾപ്പെടെയുള്ള പരിപാടികളുമായി ഒന്നരമാസത്തോളം നീണ്ട പ്രചരണയുദ്ധത്തിനാണ് ഇന്ന് തിരശ്ശില വീഴുന്നത്.

കെ കെ ശെെലജ ടീച്ചർ മൂന്ന് തവണ പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലാകട്ടെ വിദേശത്ത് ഉൾപ്പെടെ പോയി വോട്ടഭ്യർത്ഥിച്ചിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരമില്ലെങ്കിലും എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും വോട്ടഭ്യർത്ഥനയുമായി മുന്നേറുകയാണ്.

Advertisement

കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ നടപടി ഉണ്ടാകും.

വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.