കൊയിലാണ്ടി പതിനാലാം മൈലില്‍ ഐസ് ബോക്‌സ് സൂക്ഷിച്ച കെട്ടിടത്തിന് തീപ്പിടിച്ചു; 20ലക്ഷം രൂപയുടെ നാശനഷ്ടം


കൊയിലാണ്ടി: 14ാം മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ ഐസ് ബോക്‌സ് സൂക്ഷിച്ച കെട്ടിടത്തിന് തീപ്പിടിച്ചു. സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് തീപ്പിടുത്തം.

ഷെഡില്‍ സൂക്ഷിച്ച 500 ഓളം ഐസ് ബോക്‌സുകള്‍ കത്തിനശിച്ചു. ഷെഡും പൂര്‍ണമായി കത്തിയമര്‍ന്നു. സമീപത്ത് വീടുകളും കടമുറികളും ഉണ്ടായിരുന്നു. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ ഇവയിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞു.

പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഉദ്ദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ശരത്.പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ്.കെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ്.പി.കെ, ഷിജു.ടി.പി, ശ്രീരാഗ്.എം.വി, സനല്‍ രാജ്, ഷാജു, നിതിന്‍രാജ്, ഹോം ഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.