താമരശ്ശേരി രൂപത മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട്; ‘ദി കേരള സ്‌റ്റോറി’ തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനം


താമരശ്ശേരി: താമരശ്ശേരി രൂപതയില്‍ ഇന്ന് ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്നോട്ട്. ചിത്രം തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് രൂപതയുടെ ഇപ്പോഴത്തെ നിലപാട്. തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍നിന്നും വിട്ടുനില്‍ക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോള്‍ എത്തിയിരിക്കുന്നത്.

താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിര്‍ദേശം കെ.സി.വൈ.എമ്മിന് നല്‍കിയെന്നാണ് വിവരം. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനുപിന്നാലെയാണ് നിലപാട് മാറ്റം.

രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളില്‍ ശനിയാഴ്ച സിനിമ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കുട്ടികളെ ബോധവത്കരിക്കുക മാത്രമാണ് ലക്ഷ്യമെന്നും രാഷ്ട്രീയവത്കരിക്കുകയല്ലെന്നുമായിരുന്നു വിശദീകരണം.

ശനിയാഴ്ച വൈകീട്ട് കെ.സി.വൈ.എം എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുന്നുണ്ട്. ചിത്രം എന്ന് പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള തീരുമാനം യോഗത്തില്‍ ഉണ്ടാകുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

രേത്തെ തലശ്ശേരി രൂപതയിലെ കെ.സി.വൈ.എം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ ക്രൈസ്തവ സഭയ്ക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതകളുണ്ട്. യു.ഡി.എഫും എല്‍.ഡി.എഫും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.