അയ്യായിരം രൂപയുണ്ടോ? കോഴിക്കോട് നിന്നും ലക്ഷദ്വീപിലേക്ക് പറക്കാം, യാത്രാ സ്‌നേഹികള്‍ക്ക് സമ്മാനമായി പുതിയ സര്‍വ്വീസുമായി ഇന്‍ഡിഗോ


കരിപ്പൂര്‍: ലക്ഷദ്വീപിലേക്ക് പോകാന്‍ കോഴിക്കോട്ടുകാര്‍ ഇനി കൊച്ചിയിലേക്കോ ബംഗളുരുവിലേക്കോ പോകേണ്ട, കോഴിക്കോട് നിന്നുതന്നെ വിമാനം കയറാം. അതും ചുരുങ്ങിയ ചെലവില്‍. 78 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍ വിമാനവുമായി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ അഗത്തിയിലേക്ക് സര്‍വ്വീസ് ആരംഭിക്കുകയാണ്.

വിനോദ സഞ്ചാരികള്‍ക്ക് മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്കുമെല്ലാം ഏറെ ആശ്വസമാകും ഈ സര്‍വ്വീസ്. കപ്പല്‍ യാത്രയ്ക്ക് സമയം ഏറെയെടുക്കും. വിമാന യാത്രയാകുമ്പോള്‍ സമയവും ലാഭിക്കാം. നിലവില്‍ 5000 മുതല്‍ 6000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.

നേരത്തെ ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വ്വീസ് ഉണ്ടായിരുന്നു. എന്നാല്‍ 3 വര്‍ഷം മുമ്പ് ഇത് നിര്‍ത്തി. ഇതോടെ മലബാറുമായുള്ള ദ്വീപ് നിവാസികളുടെ ബന്ധം അറ്റ സ്ഥിതിതിയായി. മലബാര്‍ മേഖലയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തേണ്ട ദ്വീപ് നിവാസികള്‍ ഇപ്പോള്‍ കൊച്ചിയില്‍ എത്തിയതിന് ശേഷം വേണം കോഴിക്കോടും മറ്റും എത്താന്‍. നാട്ടിലേക്കു പോകാന്‍ വീണ്ടും കൊച്ചിയില്‍ പോകേണ്ട അവസ്ഥയാണ്.
ഇതിന് വലിയ ചിലവ് എന്നതിനോടൊപ്പം സമയം നഷ്ടവും ഏറെയാണ്.

കൊച്ചിയില്‍നിന്ന് ആഴ്ചയില്‍ ഒരു കപ്പല്‍ സര്‍വീസ് മാത്രമാണ് ദ്വീപിലേക്കുള്ളത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ ഇതിന് കുറച്ചെങ്കിലും പരിഹാരമാകും. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിക്കുന്നത്. കൊച്ചി വഴിയായിരിക്കും യാത്രം.

വിമാനം കരിപ്പൂരില്‍നിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയില്‍. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയുടെ അഗത്തിയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയിലും അവിടെ നിന്ന് 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ടേക്കുമെത്തും. ചെറിയ വിമാനമാണെങ്കിലും ആഴ്ചയില്‍ 546 പേര്‍ക്കു വീതം അഗത്തിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും.

ഇന്‍ഡിഗോ വിമാന സര്‍വ്വീസ് പ്രഖ്യാപിച്ചതോടെ വിവിധ ഏജന്‍സികളും യാത്ര സംഘങ്ങളും ലക്ഷദ്വീപിലേക്കുള്ള യാത്രാപാക്കേജുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. രണ്ടുഭാഗത്തേക്കും വിമാനയാത്ര ഉള്‍പ്പെടുത്തിയുള്ള പാക്കേജും ഒരിടത്തേക്ക് വിമാനവും മറുഭാഗത്തേക്ക് കപ്പല്‍ യാത്രയുമുള്ള പാക്കേജുകളുമുണ്ട്.