മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനത്തിലെ മികവ്; ചക്കിട്ടപ്പാറ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്, പേരാമ്പ്ര ബ്ലോക്കിന് രണ്ടാംസ്ഥാനം


Advertisement

കോഴിക്കോട്: ജില്ലയില്‍ 2023-24 സാമ്പത്തിക വര്‍ഷം സ്വച്ച്ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയില്‍ മികച്ച രീതിയില്‍ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാതലത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ചക്കിട്ടപാറയ്ക്കും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കൊടുവള്ളിക്കുമാണ് സമ്മാനിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത് എന്നിവര്‍ രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

Advertisement

ഡിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥരെയും ആദരിച്ചു. തുടര്‍ന്ന് 2024-25 സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണവും ചര്‍ച്ചയും നടന്നു.

Advertisement

പരിപാടിയില്‍ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement