കബഡി…കബഡി…കബഡി… പോർക്കളമായി പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ മണ്ണ്; കരുത്തുകാട്ടി വിദ്യാർത്ഥികൾ, ആവേശമായി സബ് ജില്ലാ കബഡി മത്സരം
കൊയിലാണ്ടി: കബഡിയാവേശത്തിൽ നിറഞ്ഞ് കൊയിലാണ്ടി. ആവേശ തിമിർപ്പോടെ പന്തലായനി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സബ്ജില്ലാ കബഡി മത്സരത്തിൽ മികവുറ്റ പ്രകടനകളുമായി വിദ്യാർത്ഥികൾ കളിക്കളത്തിൽ നിറഞ്ഞാടി.
ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ഗേൾസ്, സീനിയർ ബോയ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് മത്സരം നടന്നത്. മത്സരമാരംഭിച്ചതോടെ പുലികുട്ടികൾ പന്തനായനിയുടെ മണ്ണ് ആവേശപോർക്കളമാക്കി മാറ്റി.
വാശിയേറിയ പോരാട്ടത്തിൽ സീനിയർ ബോയ്സിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കൊയിലാണ്ടിയും, സീനിയർ ഗേൾസിൽ പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്കൂളും, സബ് ജൂനിയർ ഗേൾസിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളും, സബ് ജൂനിയർ ബോയ്സ് ഉള്ളൂർ യു.പി സ്കൂളും ജൂനിയർ ഗേൾസിൽ പന്തലായിനി ഗവ.ഹയർ സെക്കൻഡറി സ്കൂളും വിജയം കരസ്ഥമാക്കി.
ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി, പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂൾ, ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൊയിലാണ്ടി, പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ, ഉള്ളൂർ യു.പി സ്കൂൾ, അരിക്കുളം എ.യു.പി സ്കൂൾ, തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ കബഡി മത്സരത്തിനായി എത്തി.
ജി.വി.എച്ച്.എച്ച്.എസ് കൊയിലാണ്ടിയിലെയും പന്തലായനിയിലെയും വിദ്യാർത്ഥികളെ മികവിലേക്ക് നയിച്ചത് കോച്ച് രോഷ്നിയുടെ നേതൃത്വത്തിലുള്ള പരീശീലനം ആണ്. ഉള്ളൂർ സ്കൂൾ കോച്ച് അഖിലിന്റെ നേതൃത്വത്തിലും തിരുവങ്ങൂരിലെ വിദ്യാർത്ഥികൾ കോച്ച് ശ്രീജേഷിന്റെ നേതൃത്വത്തിലും ആണ് മത്സരത്തിൽ അരങ്ങേറിയത്.
മത്സരം മുറുകിയതോടെ ചില കുട്ടികൾ പരിക്കുകളുണ്ടായി, എന്നാൽ മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ അവർ വീണ്ടും വിളിച്ചു. കബഡി… കബഡി…കബഡി…