‘718, 719 മാര്‍ക്കുകള്‍ എങ്ങനെ വന്നു? ഒരേ സെന്ററില്‍ എട്ടുപേര്‍ക്ക് മുഴുവന്‍മാര്‍ക്ക്? ‘ നീറ്റ് പരീക്ഷാ ഫലം വന്നതിനു പിന്നാലെ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ശക്തമാകുന്നു; വിദ്യാര്‍ഥികള്‍ കോടതിയിലേക്ക്
കോഴിക്കോട്: 2024ലെ നീറ്റ് യു.ജി പരീക്ഷയില്‍ ക്രമക്കേടെന്ന് ആരോപണം. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളും പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകരുമടക്കം റിസള്‍ട്ടിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ നടത്തിപ്പുകാരായ എന്‍.ടി.എ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
എന്‍.ടി.എ പ്രസിദ്ധീകരിച്ച റിസല്‍ട്ടില്‍ 718, 719 മാര്‍ക്കുകള്‍ വന്നതാണ് പ്രധാനമായും ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. 180 ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയില്‍ ഉത്തരം എഴുതേണ്ടത്. ഒരു ചോദ്യത്തിന് ശരിയായ ഉത്തരം എഴുതിയാല്‍ നാലു മാര്‍ക്ക് ലഭിക്കും. തെറ്റിയാല്‍ ഒരു മാര്‍ക്ക് മൈനസ് കൂടി പോകും. 720 മാര്‍ക്കാണ് മാക്‌സിമം സ്‌കോര്‍ ചെയ്യാനാവുക. 720നുശേഷം വരാവുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഒരു ചോദ്യം അറ്റന്റ് ചെയ്യാതിരുന്നാല്‍ 716ഉം അറ്റന്റ് ചെയ്ത് തെറ്റിയാല്‍ 715ഉം എന്ന നിലയിലാണ് എന്നിരിക്കെ 718ഉം 719ും മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതെങ്ങനെയെന്ന കാര്യത്തില്‍ എന്‍.ടി.എ കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.
ഹരിയാനയിലെ ഒരു സെന്ററില്‍ പരീക്ഷയെഴുതിയ എട്ട് വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത റാങ്കുകള്‍ ലഭിച്ച കാര്യവും പരാതി ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 2307010 എന്ന് തുടങ്ങുന്ന റോള്‍ നമ്പറുകളില്‍ തുടര്‍ച്ചയായ എട്ടുപേര്‍ക്കാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണിതെന്നാണ് ആരോപണം.
718, 719 മാര്‍ക്കുകള്‍ നീറ്റ് പരീക്ഷയില്‍ ഇത്തവണ വന്നത് അവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണെന്നാണ് എന്‍.ടി.എ ട്വിറ്ററിലൂടെ നല്‍കിയ വിശദീകരണം. പരീക്ഷയെഴുതിയ ചില വിദ്യാര്‍ഥികള്‍ പരീക്ഷാ നടത്തിപ്പില്‍ തങ്ങള്‍ക്ക് സമയം നഷ്ടമായെന്ന പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് നഷ്ടപരിഹാരമെന്ന നിലയിലാണ് ഗ്രേസ് മാര്‍ക്ക് എന്നതാണ് എന്‍.ടി.എയുടെ വിശദീകരണം. എത്രപേര്‍ക്ക് ഇത്തരത്തില്‍ മാര്‍ക്ക് ലഭിച്ചെന്നോ എന്ത് മാനദണ്ഡം അനുസരിച്ചാണ് മാര്‍ക്ക് നല്‍കിയതെന്നോ എന്നുള്ള യാതൊരു വിശദീകരണവും എന്‍.ടി.എ ഇതുവരെ നല്‍കിയിട്ടില്ല.
രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന അതേദിവസം രാജ്യത്തെ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചത് ഇത്തരം ക്രമക്കേടുകള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.
പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും പ്രവേശന പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഒരു സംഘം വിദ്യാര്‍ഥികള്‍ ഇതിനകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പരീക്ഷാഫലത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് നിരവധി വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഇത്തരമൊരു പരാതിയില്‍ പറയുന്നത് സത്യസന്ധമായി ഈ പരീക്ഷയെ സമീപിച്ച തന്നെപ്പോലുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളോടുള്ള അനീതിയാണ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതുപോലുള്ള സംഭവങ്ങളെന്നാണ്. രണ്ടുവര്‍ഷത്തോളം കഠിനാധ്വാനം ചെയ്താല്‍ ഓരോ വിദ്യാര്‍ത്ഥിയും പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. അത്തരം വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്നതാണ് ഇത്തരം ക്രമക്കേട് ആരോപണങ്ങളെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.