ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദമായ സയന്‍സ് ലാബ് വേണം; ആവശ്യമുയര്‍ത്തി പി.ടി.ഉഷ എം.പിയ്ക്ക് നിവേദനം നല്‍കി സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്


കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ സയന്‍സ് ലാബിന്റെ നവീകരണത്തിലും സ്റ്റേജ്, ഓഡിറ്റോറിയം നിര്‍മ്മാണ കാര്യത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് രാജ്യസഭാ എം.പി. പി.ടി ഉഷയ്ക്ക് നിവേദനം നല്‍കി.

എസ്.എസ്.ജി ചെയര്‍മാന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് എം.പിയ്ക്ക് നിവേദനം നല്‍കിയത്. സ്‌കൂളില്‍ നിലവില്‍ പരിമിതമായ ലാബ് സൗകര്യങ്ങള്‍ മാത്രമാണുള്ളതെന്ന് ചന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ആവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി കുറേക്കൂടി സൗകര്യപ്രദമായ തലത്തില്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളിന്റെ ആവശ്യത്തിനായി ദേശീയപാതയ്ക്ക് സമീപം ഒരു ഓഡിറ്റോറിയം നിര്‍മ്മിച്ച് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലനത്തിനും മറ്റുമായി പോകുന്നതിന് സ്‌കൂളില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്‍ റോഡ് ക്രോസ് ചെയ്തുകൊണ്ട് ഒരു മേല്‍പ്പാലവും ആവശ്യത്തിന് കായിക ഉപകരണങ്ങളും ലഭ്യമാക്കണം എന്ന ആവശ്യവും എം.പിയ്ക്ക് മുമ്പാകെ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങള്‍ അനുഭവപൂര്‍വ്വം പരിഗണിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് അറിയിച്ചു.