ഗുരുവായൂരില്‍ വിവാഹ ഷൂട്ടിനിടെ ആനയിടഞ്ഞു; പാപ്പാനെ കാലില്‍ പിടിച്ച് ചുഴറ്റി എടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ കാണാം)


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. ഈ മാസം പത്തിനാണ് സംഭവം. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിവാഹ സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ക്ഷേത്രത്തില്‍ ശീവേലി കഴിഞ്ഞ് ദാമോദ ദാസന്‍ എന്ന കൊമ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴായിരുന്നു ആക്രമണം. നടന്നുവരുന്നതിനിടെ പെട്ടെന്നു പ്രകോപിതനായ ആന പാപ്പാന്‍ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ആനയുടെ വശത്തുകൂടി നടക്കുകയായിരുന്ന രാധാകൃഷ്ണനെ പെട്ടെന്നു കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും അത്ഭുതകരമായി വഴുതി വീഴുകയായിരുന്നു. ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു.

ആന ക്ഷേത്രത്തില്‍നിന്നു പുറത്തിറങ്ങുന്ന സമയത്ത് അതിനു സമീപത്തുകൂടി വധുവും വരനും നടന്നുവരുന്നത് പകര്‍ത്തുകയായിരുന്ന ഫൊട്ടോഗ്രഫര്‍മാരുടെ ക്യാമറയിലാണ് ആക്രമണദൃശ്യം പതിഞ്ഞത്. കല്യാണ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആനയുടെ ആക്രമണവും പാപ്പാന്റെ അദ്ഭുതകരമായ രക്ഷപ്പെടലും വാര്‍ത്തയായത്.