തെരുവ് നായ ആക്രമണം തുടര്‍ക്കഥയാവുന്നു; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനടുത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. യുവാവിന്റെ കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഗ്രൗണ്ടിലെ തെരുവ് നായയുടെ ശല്യത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ് ആളുകള്‍.


ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂളിന്റെ ഗെയിറ്റിന് മുന്നിലും ഗ്രൗണ്ടിലും തമ്പടിച്ച തെരുവ് നായയെ ഭയന്ന് കുട്ടികളെ പുറത്ത് വിടാന്‍ പോലും കഴിയുന്നില്ലെന്ന് സ്‌കൂള്‍ പ്രധാന അധ്യാപക ബിനിത ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളിലെ അധ്യാപികക്കയ് പിന്നാലെ തെരുവ് നായ ഓടി പരിക്കേറ്റിരുന്നു. അന്ന് പരാതി നല്‍കിയെങ്കിലും വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

ഇന്ന് വൈകുന്നേരം തെരുവ് നായ ശല്ല്യത്തിന് പരിഹാരം കാണാനായി സ്‌കൂള്‍ അധികൃകര്‍ യോഗം ചേരും. മുന്‍സിപ്പാലിറ്റിക്ക് പരാതി നല്‍കാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. ബന്ധപ്പെട്ടവരെ വിവരം അറിയിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഷാജി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


രാവിലെ ഗ്രണ്ടില്‍ നിരവധി പേരാണ് പരിശീലനത്തിനായി എത്തുന്നത്. കാല്‍നട യാത്രക്കാര്‍ക്കും ബൈക്കിനും കാറിനും പിന്നാലെ തെരുവ് നായകള്‍ കുരച്ച് ഓടുന്നതിനാല്‍ അപകടങ്ങളും ഇവിടെ പതിവാണ്. രാത്രി സമയത്ത് ഈ വഴി വരാറെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരുവ് നായ ശല്ല്യത്താല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.

summary: Stray Dog Nuisance Sequel; A young man was injured in an attack by a stray dog ​​near the Kollam Pisharikav temple