സംസ്ഥാന സ്‌കൂള്‍ കലോത്സവം : ചൊവ്വാഴ്ച മുതല്‍ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം; കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെയ്യേണ്ടതെന്ത്? ബദല്‍വഴികള്‍ ഏതെന്ന് അറിയാം


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന കോഴിക്കോട്ട് നഗരത്തില്‍ ജനുവരി മൂന്ന് മുതല്‍ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകള്‍ക്ക് ഇളവ് അനുവദിക്കും. കണ്ണൂര്‍ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവര്‍ ചുങ്കത്ത് ഇറങ്ങണം.

കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകള്‍ പൂളാടിക്കുന്ന് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേങ്ങേരി -മലാപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് കലോത്സവം കാണാന്‍ വരുന്നവര്‍ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി -അത്തോളി ബസില്‍കയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്‍ ഭാഗത്തേക്ക് പോകണം.

കണ്ണൂര്‍ ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെങ്ങളം ജംഗ്ഷനില്‍ നിന്നും ബൈപാസ് -വേങ്ങരി -മലാപ്പറമ്പ് വഴി നഗരത്തില്‍ പ്രവേശിക്കണം. കണ്ണൂര്‍ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ പോകണം.

കണ്ണൂര്‍ ഭാഗത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങള്‍ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ പോകണം. തളി സാമൂതിരി ഗ്രൗണ്ടിന് മുന്‍വശം റോഡ് വണ്‍വേ ആയിരിക്കും. തളി റോഡില്‍ നിന്നും പൂന്താനം ജംഗ്ഷന്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല.

ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂള്‍ റോഡ് : ജയലക്ഷ്മി സില്‍ക്‌സ് ജംഗ്ഷനില്‍ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും. ബോംബെ ഹോട്ടല്‍ ജംഗ്ഷനില്‍ നിന്നും സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.

കോര്‍ട്ട് റോഡ് -ദേശാഭിമാനി ജംഗ്ഷന്‍: കോര്‍ട്ട് റോഡ് -ദേശാഭിമാനി ജംഗ്ഷനില്‍ നിന്നും ടാഗോര്‍ ഹാള്‍ ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും.

കിസാന്‍ ഷോപ് ജംഗ്ഷനില്‍ നിന്നും ദേശാഭിമാനി കോണ്‍വെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. പഴയ കോര്‍പറേഷന്‍ ഓഫിസ് ജംഗ്ഷനില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. ബാലാജി ജംഗ്ഷനില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാവും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും.