വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. കെ.ജി.എച്ച്.ഡി.എസ്.ഇ.യു സി.ഐ.ടി.യു യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ് കൂടിയായ ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്.
ഇതിനെതിരെ രാവിലെ യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിയമാനുസൃതമായ ബോണ്ട് സമര്‍പ്പിച്ചിട്ടും അത് അംഗീകരിക്കാതെ ബോണ്ട് വെച്ചില്ലെന്ന് പറഞ്ഞാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്ന് യൂണിയന്‍ നേതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിയമവിരുദ്ധമായ ബോണ്ട് നടപ്പിലാക്കാനാണ് സൂപ്രണ്ട് ശ്രമിക്കുന്നത്. ജീവനക്കാരനെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ തൊഴിലാളികള്‍ നിര്‍ബന്ധരാകുമെന്നും ജീവനക്കാര്‍ മുന്നറിയിപ്പു നല്‍കി.
കേരളത്തിലെ ഒരു ആശുപത്രിയിലും ഇല്ലാത്ത രീതിയില്‍ മാസരത്തില്‍ രണ്ട് ബ്രേക്ക് എന്ന സംവിധാനം ഇവിടെ കൊണ്ടുവന്നിരിക്കുകയാണ്. ജോലിയെടുത്താല്‍ ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച നാല് വീക്കിലി ഓഫ് കൃത്യമായി അനുവദിക്കുന്നില്ല, ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിന് അനുസരിച്ച് ഇത് വെട്ടിക്കുറക്കുകയാണ്. ആശുപത്രിയുടെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് യൂണിയന്‍ തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.