ഫുട്ബോളും വടംവലിയുമായി ജില്ലാ സ്പോർട്സ് മീറ്റ്; ആവേശമായി കൊയിലാണ്ടിയിൽ കായിക മത്സരങ്ങൾ


കൊയിലാണ്ടി: ആരവങ്ങളുടെ നാളുകളായിരുന്നു കൊയിലാണ്ടിക്കിത്. എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. വടംവലിയും ഫുട്‌ബോൾ മത്സരങ്ങളും ഏറെ ആവേശകരമായി നടന്നു. ചടങ്ങിൽ കായിക പ്രതിഭകളെ ആദരിച്ചു.

സ്പോർട്സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു.

വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ നാദാപുരം വിജയികളായി. വടംവലിയും ഏറെ ആവേശകരമായി. വിജയത്തിലേക്ക് കയർ വലിച്ച് കൊടുവള്ളി ജേതാക്കളായി. സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി, പി നിസാർ അഹമ്മദ്, വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ചടങ്ങിൽ ദേശീയ മെഡൽ നേടിയ കായിക പ്രതിഭകളായ ഹനീഫ കാപ്പാട്, മുഫീദ് വി എം കവലാട്, ജനിഗ ബി, ശേഖർ കവലാട് തുടങ്ങിയവരെ ആദരിച്ചു.

കെ.ഷമീർ, വാഹിദ് ചെറു വറ്റ, നിസാം പുത്തൂർ, അസീസ് മാസ്റ്റർ, കെവിപി ഷാജഹാൻ, സലാം മാസ്റ്റർ, സലീം കാരാടി, മുസ്തഫ കവലാട് തുടങ്ങിയവർ സംസാരിച്ചു