ബഷീർ, എംടി, മാധവിക്കുട്ടി മുതൽ പൗലോ കൊയിലോ വരെ; പന്തലായനി ഗവ. ഹയർസെക്കന്ററിയിലെ കുട്ടികൾ വായനയെ നെഞ്ചേറ്റിയപ്പോൾ പിറന്നത് ‘കുട്ടികളെ അമ്പരിപ്പിച്ച പുസ്തകങ്ങൾ’


കൊയിലാണ്ടി: സാഹിത്യത്തിലും ചരിത്രത്തിലും നിറഞ്ഞുനിൽക്കുന്ന ദേശമായ പന്തലായനിയിലെ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ വായനയുടെയും കുട്ടികളിൽ വായന ഒരു സംസ്കാരമായി വേരുറച്ച് വളരേണ്ടതിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ആവിഷ്കരിച്ച ഒരു പദ്ധതിയാണ് “നൂറു കുട്ടികൾ 100 പുസ്തകം ” എന്നത്. സ്കൂൾ ലൈബ്രറി സാഹിത്യ വ്യവഹാരങ്ങൾക്ക് മാത്രമായി രൂപപ്പെടുത്തിയ “എഴുത്തിടം ” എന്ന കുട്ടികളുടെ സാഹിത്യ സംഘം വായനാദിനത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ സമാഹൃതമായ വായനക്കുറിപ്പുകൾ “കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങൾ “എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്.

ബഷീർ കേശവദേവ്, കാരൂർ, പൊറ്റെക്കാട്, എംടി, തിക്കോടിയൻ, ഒ വി വിജയൻ, മാധവിക്കുട്ടി തുടങ്ങി മലയാളത്തിന്റെ ജനപ്രിയരായ എഴുത്തുകാർ, ഇന്ത്യൻ എഴുത്തുകാരായ ടാഗോർ, ശിവരാമ കാരന്ത്, വിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ, ലോകപ്രശസ്ത എഴുത്തുകാരൻ പൗലോ കൊയിലോ ഉൾപ്പെടെയുള്ളവരുടെ അൻപത്തിമൂന്ന് കൃതികളെ അധികരിച്ചുള്ള വായനക്കുറിപ്പുകളാണ് ഈ കൃതിയുടെ ഉള്ളടക്കം.

” നൂറു കുട്ടികൾ നൂറ് പുസ്തകങ്ങൾ ” എന്ന പദ്ധതി ആരംഭിച്ചപ്പോൾ വായന വ്യാപിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ പതിയെപ്പതിയെ അത് ഒരു പുസ്തകത്തോളം വളർന്നു. താത്പര്യത്തോടെ മുന്നോട്ട് പോയ കുട്ടികൾക്ക് അധ്യാപകരും രക്ഷിതാക്കളും പിന്തുണ നൽകി. അങ്ങനെ വായനയിലേക്ക് മിഴിതുറക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ചുണ്ടു പലകയായി വായനാനുഭവക്കുറിപ്പുകളുടെ ഈ സമാഹാരം മാറുകയാണ്. സ്കൂൾ ലൈബ്രറി തന്നെയാണ് റഫറൻസ് പ്രാധാന്യമുള്ള ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നൂറിലേറെ വായനാക്കുറിപ്പുകളിൽ നിന്ന് 53 കുട്ടികളുടെ രചനകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരണ യോഗ്യമാക്കിയത് സ്റ്റുഡൻ്റ് എഡിറ്റർ ശബരി’ .ആർ നാഥിൻ്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളാണ്.

സാഹിത്യ സംവാദങ്ങൾ, രചനാവതരണ സദസുകൾ, ശില്പശാലകൾ വിവിധ രചനാ മത്സരങ്ങൾ എന്നിങ്ങനെ വായനയ്ക്കും എഴുത്തിനുമായി ഒട്ടേറെ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.

ഒരു പുസ്തകം നൂറു പേർ വായിക്കുമ്പോൾ യഥാർത്ഥത്തിൽ വായിക്കപ്പെടുന്നത് നൂറു പുസ്തകമാണ്. ഒരു പുസ്തകം ഒരാൾ നൂറുതവണ വായിച്ചാലും ഇതേ അനുഭവമായിരിക്കും ഉണ്ടാവുക. ഓരോ വായനയും വ്യത്യസ്തമാണ്. ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ പാഠങ്ങളിലേക്കും കണ്ടിട്ടും കാണാതെ പോയ ജീവിതക്കാഴ്ചകളിലേക്കും വ്യാഖ്യാന സാധ്യതകളിലേക്കുമാകും വായനക്കാരൻ എത്തിപ്പെടുക. അത്തരമൊരു അനുഭവമാണ് ഈ കൃതി സമ്മാനിക്കുന്നതെന്ന് അവതാരികയിൽ കവിയും എഴുത്തുകാരനുമായ മോഹനൻ നടുവത്തൂർ എടുത്തു പറയുന്നു.

ചടങ്ങ് കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ യു. കെ കുമാരൻ പുസ്തം പ്രകാശനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് പി എം ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങ് ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് പി എം ബിജു പുസ്തകം ഏറ്റുവാങ്ങി. കവി മോഹനൻ നടുവത്തൂർ പുസ്തകപരിചയം നടത്തി.

എസ് എസ് ജി ചെയർമാൻ രഘുനാഥ് ,മദർ പി ടി എ പ്രസിഡണ്ട് ജെസി.കെ ,പി ടി എ വൈസ് പ്രസിഡന്റ് പ്രമോദ് രാരോത്ത്, സ്റ്റാഫ് സെക്രട്ടറി ബാജിത് സി വി , ടി വി വിനോദ്, എൻ പി വിനോദ്, പി രാഗേഷ് കുമാർ, എഡിറ്റർ ശബരി ആർ നാഥ്, പി കെ ഷാജി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ പി പ്രഭീത് സ്വാഗതവും ലൈബ്രറി ഇൻ ചാർജ് രോഷ്ണി കെ പി നന്ദിയും പറഞ്ഞു. പേരക്ക ബുക്സ് വിതരണം ചെയ്യുന്ന പുസ്തകം സ്കൂൾ ലൈബ്രറിയാണ് പ്രസിദ്ധീകരിച്ചത്.