കുറ്റ്യാടിയില്‍ നിന്നും യുവാക്കൾ തിരുവനന്തപുരത്തേക്ക് സൈക്കിൾ ചവുട്ടുകയാണ്; രണ്ടു വയസ്സുകാരൻ മുഹമ്മദ് ഇവാന്റെ ജീവന് വേണ്ടി


കുറ്റ്യാടി: രണ്ടര വയസ്സുകാരൻ ഇവാന്റെ ജീവിതത്തിനു വേണ്ടി യുവാക്കൾ സൈക്കിൾ ചവുട്ടുകയാണ് കുറ്റ്യാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്. എസ്‌.എം.എ രോഗം ബാധിച്ച കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇവാന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് സൈക്കിള്‍ മാരത്തോൺ തുടങ്ങിയത്.

 

പാലേരിയിലെ ആറ് യുവാക്കളാണ് ചികിത്സയ്ക്കുള്ള ഫണ്ടിനായി സൈക്കിള്‍ മാരത്തോണ്‍ സംഘടിപ്പിച്ചത്. മാരത്തോൺ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഫ്‌ലാഗ് ചെയ്തു. കെ സിദ്ദീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. യുവാക്കളായ കെ,ആദില്‍, ടി കെ ഫാസില്‍, എ എസ് മുഹമ്മദ്, എ സ് ഷംനാദ്, പി എം നബൂര്‍, ഷെബിന്‍ വി കെ എന്നിവരാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്.

നൗഫല്‍ – ജാസ്മിന്‍ ദമ്പതികളുടെ മകനാണ് ഇവാൻ. 18 കോടി രൂപയാണ് ഇവാന്റെ ചികിത്സക്ക് കണ്ടെത്തേണ്ടത്. രണ്ട് വയസ്സായിട്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത ഇവാന് ഒരു വര്‍ഷമായി പല വിധ ചികിത്സകള്‍ നടത്തി വരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് എസ്‌എംഎ രോഗം തിരിച്ചറിഞ്ഞത്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുക കണ്ടെത്തേണ്ടതുണ്ട്.  മുഹമ്മദ് ഇവാന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയാണ് നാടും നാട്ടുകാരും. അതിനോടൊപ്പമാണ് പിന്തുണയുമായി യുവാക്കൾ സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്.

കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സാ സഹായ കമ്മിറ്റി പാലേരി എന്ന പേരിൽ ഫെഡറൽ ബാങ്ക് കുറ്റ്യാടി ശാഖയിൽ അക്കൗണ്ട് തുടങ്ങി.

അക്കൗണ്ട് നമ്പർ: 20470200002625

IFSC: FDRL0002047)

ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)