പുസ്തകങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ചേക്കേറിയ കഥാപാത്രങ്ങൾ മുൻപിലെത്തും; വായന വാരാഘോഷം ആഘോഷമാക്കാൻ കൊയിലാണ്ടി ഗേൾസ് സ്കൂൾ


കൊയിലാണ്ടി: പ്രശസ്തമായ ഡോക്യുമെൻ്ററികളുടെ പ്രദർശനം, അന്തരീക്ഷമൊട്ടാകെ കാവ്യാത്മകമാക്കാൻ കവിയരങ്ങ്, കുട്ടി കലാകാരന്മാരെ കണ്ടെത്താൻ കവർ പേജ് ഡിസൈനിംഗ്, പുസ്തകങ്ങളുടെ പ്രദർശനം തുടങ്ങി വായന വാരം ആഘോഷമാക്കുകയാണ് കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി. വായന വാരാഘോഷം കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക എം.കെ.ഗീത അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച അക്ഷരഗാനം ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായി.

21ന് മെഗാ ക്വിസ്, 22 ന് ഡോക്യുമെൻ്ററി പ്രദർശനം, 23 ന് കവർ പേജ് ഡിസൈനിങ്ങ്, 24 ന് പുസ്തക പ്രദർശനം, പുസ്തകാസ്വാദനം, 27 ന് കവിയരങ്ങ്, 28 ന് കഥാപാത്രാവിഷ്കാരം എന്നിങ്ങനെയാണ് വാരാഘോഷം ഒരുക്കിയിരിക്കുന്നത്.

അധ്യാപകരായ എം.കെ.ചന്ദ്രൻ, എൻ.കെ.ഷൈബു, കെ.കെ.ലിഗേഷ്, ആർ.എം.രാജൻ, വിദ്യാരംഗം കൺവീനർ പി.വി.ശ്രീന, കെ.പി.രോഷ്നി എന്നിവർ സംസാരിച്ചു.