ചെറുപ്പം മുതൽ കൃഷിയോട് താത്പര്യം, വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ കൊണ്ട് തരിശു നിലങ്ങൾ കൃഷിയോ​ഗ്യമാക്കി; അരിക്കുളത്തെ മികച്ച വനിതാ കർഷകയായി സൗദ കുറ്റിക്കണ്ടി


അരിക്കുളം: വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ കൊണ്ട് തരിശു നിലങ്ങൾ കൃഷിയോ​ഗ്യമാക്കിയ സൗദയ്ക്ക് പഞ്ചായത്തിന്റെ ആദരം. അരിക്കുളം ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായാണ് സൗദ കുറ്റിക്കണ്ടിയെ തിരഞ്ഞെടുത്തത്. കർഷക ദിനത്തോട് അനുബന്ധിച്ച് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിലാണ് മികച്ച കർഷകരെ ആദരിക്കുന്നത്.

കായണ്ണ സ്വദേശിനിയായ സൗദയ്ക്ക് ചെറുപ്പം മുതൽ കൃഷിയോട് താത്പര്യമായിരുന്നു. നാല് പെൺമക്കൾ മാത്രമുള്ള കുടുംബത്തിന്റെ അത്താണി വാപ്പയായിരുന്നു. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ സൗദ കാർഷികവൃത്തി സ്വയം ഏറ്റെടുക്കുകയായിരുന്നു. 1999-ൽ ഏക്കാട്ടൂർ കുറ്റിക്കണ്ടി യൂസഫിൻ്റെ മണവാട്ടിയായി കാരയാട് എത്തി. അപ്പോഴും കൃഷിയെ കെെവിടാൻ സൗദയ്ക്ക് കഴിയുമായിരുന്നില്ല.

തറവാട് വീടിന് തെട്ടടുത്തായി തീർത്തും തരിശായി കിടന്ന ഒന്നേകാൽ ഏക്കർ പറമ്പ് 20 വർഷം കൊണ്ട് തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, കുരുമുളക് വള്ളി എന്നിവ വെച്ച് പിടിപ്പിച്ച് കൃഷിയോഗ്യമാക്കി. ഇതിനോടൊപ്പം ഇടവിളകൃഷിയും ചെയ്യുന്നു. വാഴ, ചേന, മരച്ചീനി, ചേമ്പ്, പച്ചക്കറികൾ, മഞ്ഞൾ എന്നിവയാണ് ഇടവിളകൃഷിയായി ചെയ്യുന്നത്. ഒപ്പം പശു വളർത്തലുമുണ്ട്. നെൽകൃഷി നഷ്ടമാണെങ്കിലും സൗദ ഇപ്പോഴും നെൽകൃഷി ചെയ്യുന്നുണ്ട്.

സൗദയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകി പ്രവാസിയായ ഭർത്താവ് യൂസഫും മക്കളും ഒപ്പമുണ്ട്. മൂന്ന് മക്കളാണ്. വിദ്യാർത്ഥികളായ ഇവരും ഒഴിവ് ദിവസങ്ങളിൽ കൃഷിക്ക് സഹായിക്കാഖുണ്ടെന്ന് സൗദ പറഞ്ഞു. അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പൂർണ്ണ പിന്തുണയുമുണ്ട്. പുതുതലമുറയും കാർഷിക മേഖലയിലേക്ക് കടന്ന് വരണമെന്നാണ് സൗദ പറയുന്നത്.

ചിത്രം: 1. സൗദ കുറ്റിക്കണ്ടി 2. പ്രതീകാത്മകം

Summary: Interested in agriculture from a young age, after many years of efforts, the barren lands were made suitable for cultivation; Souda Kuttikandi is the best woman farmer in Arikulam panchyat