‘കുട്ടികളില്‍ സ്പോട്സ്മാന്‍ സ്പിരിറ്റ് വളര്‍ത്തണം മറിച്ച് ഇഷ്ട ടീം പരാജയപ്പെടുമ്പോള്‍ കരയിപ്പിച്ച് വീഡിയോ പ്രചരിപ്പിക്കുകയല്ല വേണ്ടത്’; അര്‍ജന്റീനയുടെ പരാജയത്തില്‍ കരയുന്ന കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
പേരാമ്പ്ര: ഖത്തറില്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം കഴിഞ്ഞു. ആരാധകര്‍ക്ക് നിരാശ പകര്‍ന്ന് അര്‍ജന്റീന പരാജയപ്പെട്ടു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ട്രോളുകളും വീഡിയോകളും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ട്രോളുകള്‍ക്കൊപ്പം അര്‍ജന്റീനന്‍ കുട്ടി ആരാധകരുടെ സങ്കടങ്ങളും കരച്ചിലും ഇന്നലെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുണ്ടായി.
അര്‍ജന്റീന തോറ്റതില്‍ പൊട്ടിക്കരയുന്ന കുട്ടിയുടെയും, ബ്രസീല്‍ ഫാന്‍സുമായി തല്ലു കൂടുന്ന കുട്ടികളുടെയും, പരിഹസിക്കപ്പെടുന്ന കുട്ടികളുടെയും വീഡിയോകളായിരുന്നു ഇന്നലെ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ കുട്ടികളുടെ വീഡിയോ പ്രചരിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ. കളികളില്‍ ജയവും പരാജയങ്ങളും ഉണ്ടാവും അവ മനസിലാക്കാനും ഉള്‍ക്കൊള്ളാനുമാണ് നമ്മള്‍ കുട്ടികളെ പ്രപ്തരാക്കേണ്ടത്. മറിച്ച് ഇത്തരം കരയിപ്പിക്കല്‍ നടത്തിച്ച് ഫേയ്സ് ബുക്ക് വഴി പോസ്റ്റിടലല്ല ചെയ്യേണ്ടത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
കുട്ടികളില്‍ സ്പോട്സ്മാന്‍ സ്പിരിറ്റ് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം അല്ലാതെ അവരെ ഒരു മത്സരത്തില്‍ ഇഷ്ടതാരങ്ങല്‍ പരാജയപ്പെടുമ്പോള്‍ കരയാനും അത് വീഡിയോ എടുത്ത് ആഘോഷമാക്കാനും ശ്രമിക്കുന്നത്. തികഞ്ഞ മണ്ടത്തരമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിക്കാം:
കെ.ജെ ജേക്കബ്
‘ഇന്ന് അര്‍ജന്റീനയുടെ നിറങ്ങള്‍ ചേര്‍ത്തുതുന്നിയ ഉടുപ്പിട്ടുനില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയെ തോല്‍വിയെപ്പറ്റി പറഞ്ഞു കരയിപ്പിക്കുന്ന ഒരു വിഡിയോ കണ്ടു. ഇന്ന് ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ അവരുടെ സങ്കടം സഹിക്കവയ്യാതെ പൊട്ടിപ്പൊട്ടി കരഞ്ഞിട്ടുണ്ടാകും; കലങ്ങിയ കണ്ണുകളുമായി അത്താഴം കഴിക്കാതെ കിടന്നുറങ്ങിയിട്ടുണ്ടാകും; അടുത്ത കളി ജയിക്കുമെന്ന പ്രതീക്ഷയില്‍ നാളെ എണീക്കുന്നുണ്ടാകും. ഒപ്പം തോല്‍വിയും പ്രതീക്ഷയുടെ മറുവശമാണ് എന്ന പാഠം അവര്‍ സ്വയം പഠിച്ചിട്ടുണ്ടാകും.
പക്ഷെ ആ പാഠം പുറത്തുനിന്നെടുക്കാന്‍ അവര്‍ക്കു മനസുണ്ടാവില്ല. അത് ശരിയുമല്ല. നമ്മളായിട്ട് അത് പഠിപ്പിക്കരുത്. അങ്ങിനെ പഠിക്കുന്ന പാഠങ്ങള്‍ അവരില്‍നിന്നു ലോകം മുഴുവന്‍ ആഘോഷിക്കുന്ന കളിയുടെ നേരും നന്മയും ചോര്‍ത്തിക്കളയും; കാലുഷ്യം മാത്രം ബാക്കിവയ്ക്കും. അത് നമ്മള്‍ അവരോടും നമ്മളോടും മുഴുവന്‍ മനുഷ്യരോടും ചെയ്യുന്ന മര്യാദകേടാകും.
ഇനിയും ലോകകപ്പുകള്‍ വരും. അപ്പോഴൊക്കെ അതിന്റെ സൗന്ദര്യം കാണാനും അതിന്റെ നിഷ്‌ക്കളങ്കമായ ആനന്ദം അനുഭവിക്കാനും അവരെ അനുവദിക്കേണ്ടതുണ്ട്. അവര്‍ വളര്‍ന്നുവന്നിട്ടു വേണം പുഴകളില്‍ വീണ്ടും കട്ടൗട്ടുകള്‍ വയ്ക്കാനും ഒരു വേള നമ്മുടെ കൊടിയുമായി ലോകകപ്പ് കളിക്കാനും.
അവരെ വെറുതെ വിടുക.
അവരുടെ ആനന്ദങ്ങളെയും.’
അഷ്‌റഫ് മാന്തോളി
‘ഏതോ ഒരു കുട്ടി വളരെ ഇമോഷണലായി പ്രതികരിക്കുന്ന ഒരു വീഡിയോ കാണാനിടയായി, ആ കുട്ടിയെ ശരിക്കും എന്തൊക്കെയോ ചോദിച്ച് കരയിച്ചതാണ്! അത് വേറെ കുറേ ടീം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്! പറയുമ്പോ ഒന്നും തോന്നരുത്… പോയി ചത്തൂടെ ??
സാജിറ ടി.എം
‘മെസ്സി തോറ്റു.. അര്ജന്റീന തോറ്റു എന്നൊക്കെ പറഞ്ഞു അര്ജന്റീന ഫാന്‍സ് ആയ കളി ശരിക്ക് അറിയുക പോലുമില്ലാത്ത കുഞ്ഞു.മക്കളെ കരയിച്ചു വീഡിയോ എടുത്തു പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് ചില മാതാപിതാക്കള്‍ മൂന്ന് നാല് വീഡിയോസ് കണ്ടു… കരയാത്ത മക്കളെ കളിയാക്കി കരയിക്കുന്നു… യാതൊരു തമാശയും ആ വീഡിയോകളില്‍ തോന്നാത്തത് എനിക്ക് മാത്രമാണോ?
തോല്‍വികള്‍ കളിയാക്കപ്പെടുന്ന/കളിയാക്കപ്പെടേണ്ട ഒന്നാണെന്നു ചെറിയ പ്രായത്തില്‍ തന്നെ കുട്ടി പഠിക്കുന്ന പോലെ.. ഞാന്‍ സമ്മതിക്കില്ല തോല്‍വികളില്‍ എന്റെ കുട്ടികള്‍ പരസ്പരം കളിയാക്കുന്നത്.. ഏതൊരു മത്സരം ആണേലും തോല്‍വിയും ജയവും ഉണ്ടാവും.. അതില്‍ പരസ്പരം കളിയാക്കാനോ തോല്‍വിയില്‍ വിഷമിച്ചു കരയാനോ നിക്കരുത് എന്ന പാഠമാണ് മക്കള്‍ക്ക് നിരന്തരം പറഞ്ഞു കൊടുക്കുന്നത്.. അതുകൊണ്ടാവും എനിക്കാ വീഡിയോകള്‍ അത്ര അങ്ങ് രസിക്കാതെ പോയത്..’
സബീര്‍ അഹമ്മദ് സി.പി
‘തങ്ങളുടേതായ സര്‍ക്കിളിലുള്ള ആളുകളെയൊക്കെ തമാശ രൂപേണ ട്രോളുക എന്നതില്‍ കവിഞ്ഞ് തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു റോളുമില്ലാത്ത മത്സരഫലത്തിന്റെ പേരില്‍ ആളുകളെ പരസ്യ വിചാരണ ചെയ്യുന്നതും കുട്ടികളെ ഇഷ്ടതാരത്തിന്റെ പേരു പറയിച്ച് കരയിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതും മറ്റെന്ത് പേരിട്ട് വിളിച്ചാലും Sporting spirit എന്നു വിളിക്കുന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല…എന്തോ എനിക്കത് അത്ര ലളിതമായി തോന്നുന്നില്ല.’
summary: social media criticized the video of a child crying after Argentina’s defeat