” യു.ഡി.എഫിനെതിരായ വ്യാജ പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല’ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും ഷാഫി പറമ്പില്‍
വടകര: തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എല്‍.ഡി.എഫെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റുകളും പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുതെന്നാണ് ഇക്കൂട്ടരോട് തനിക്കും പറയാനുള്ളതെന്നും ഷാഫി വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിലും സമാന്യബുദ്ധിലും നല്ല വിശ്വാസമുണ്ട്. അതുകൊണ്ട് ഇത്തരം പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയേ ഇല്ല. പക്ഷേ ഇത്തരം പ്രചരണങ്ങള്‍ കാരമം സാമൂഹ്യമായ പ്രശ്‌നങ്ങളുണ്ടാകാന്‍ പാടില്ല. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇത്തരം പ്രവണതകള്‍ക്കെതിരെ നാടൊരുമിക്കണം എന്ന കാമ്പെയ്ന്‍ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്നും ഷാഫി വ്യക്തമാക്കി.
ഇതൊക്കെ എതിര്‍ സ്ഥാനാര്‍ത്ഥി പറഞ്ഞിട്ട് ചെയ്യുന്നതാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ കഴിഞ്ഞയാഴ്ചകളില്‍ പല ആരോപണങ്ങളിലും എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പ്രസ്താവനകളുണ്ടായിരുന്നില്ല. ആ ലോജിക് ഇവിടെയും ബാധകമാകുമോയെന്നും ഷാഫി ചോദിച്ചു.
രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിലാണ്. അതിനാല്‍ ഇരുപത് സീറ്റിലും വ്യക്തമായ മുന്‍തൂക്കമുണ്ടാകും. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളോടുള്ള ജനവികാരം അതിന്റെ ഉച്ഛസ്ഥായിയിലാണ്. വടകരയെ സംബന്ധിച്ച് സമാധാനം ആഗ്രഹിക്കുന്നവരുടെ വോട്ടുകള്‍ യു.ഡി.എഫിനായിരിക്കും. അതുകൊണ്ടുതന്നെ വടകര നിലനിര്‍ത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഷാഫി വ്യക്തമാക്കി.