”ചെറുപ്പക്കാരിക്കെന്നെ കാണാവോ” 104ാം വയസുകാരിയായ ചിരുതക്കുട്ടിയമ്മയ്ക്ക് ഷാഫി പറമ്പിലിന്റെ വീഡിയോ കോള്‍; ഫോണിലൊന്നും ‘കാണുന്നില്ലല്ലോ മോനേ’ എന്ന് പറഞ്ഞതോടെ നേരിട്ട് വന്ന് കാണുമെന്ന ഉറപ്പും
പേരാമ്പ്ര: ”ചെറുപ്പക്കാരിക്കെന്നെ കാണാവോ” മോണകാട്ടി നിഷ്‌കളങ്കമായി ചിരിക്കുന്ന കടിയങ്ങാട് സ്വദേശിനിയായ ചിരുതക്കുട്ടിയോട് വീഡിയോ കോളില്‍ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ചോദ്യമാണ്. ”കാണുന്നില്ല മോനേ” എന്ന് ചിരുതക്കുട്ടിയമ്മ പറഞ്ഞപ്പോള്‍ അമ്മയെ കാണാന്‍ നേരിട്ട് വരുന്നുണ്ടെന്ന് ഷാഫി ഉറപ്പുനല്‍കുകയും ചെയ്തു. ഒരു മാധ്യമത്തോട് തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് ചിരുതക്കുട്ടിയമ്മ ‘കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാണണമെന്ന’ ആഗ്രഹം പങ്കുവെച്ചതും വീഡിയോ കോളില്‍ സംസാരിക്കാനിടയായതും.
104ാം വയസിലും ചുറുചുറുക്കോടെ മറ്റൊരു വോട്ടുകാലത്തിലൂടെ കടന്നുപോകുകയാണ് ചിരുതക്കുട്ടിയമ്മ. വോട്ടോര്‍മ്മകളില്‍ പലതും മാഞ്ഞുപോയെങ്കിലും കോണ്‍ഗ്രസിനോടുള്ള സ്‌നേഹം മായാതെ കിടക്കുകയാണ്. ”ഞാനിതുവരെ വോട്ടു ചെയ്തത് കോണ്‍ഗ്രസിനാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും” എന്ന ഒറ്റവാചകത്തിലൂടെ അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.
13ാം വയസില്‍ വിവാഹിതയായി കടിയങ്ങാട് എത്തിയതാണ് ചിരുതക്കുട്ടിയമ്മ. ഭര്‍ത്താവ് ചാത്തന്‍ കുറച്ചുകാലം മുമ്പ് വിട്ടുപോയി. ആദ്യ വോട്ടിങ് കാലത്തിന്റെ ഓര്‍മ്മയൊക്കെ പണ്ടേ മാഞ്ഞുപോയി. പ്രായം തളര്‍ത്തിയതോടെ മക്കള്‍ക്കൊപ്പം പോയി വോട്ടു ചെയ്തതാണ് കുറച്ചെങ്കിലും ഓര്‍മ്മയില്‍ നില്‍ക്കുന്നത്.