അരവിന്ദ് കെജ്‌രിവാള്‍ തീഹാര്‍ ജയിലിലേക്ക്; ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട് കോടതി


ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. കെജ്‌രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡല്‍ഹി റൗസ് അവന്യു കോടതിയാണ് ഉത്തരവിട്ടത്. അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിനോട് അദ്ദേഹം സഹകരിക്കുന്നില്ലെന്നും ഡിജിറ്റല്‍ ഡിവൈസുകളുടെ പാസ് വേഡുകള്‍ നല്‍കിയിട്ടില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ചോദ്യങ്ങള്‍ക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ വാദിച്ചു.

അരവിന്ദ് കെജ്രിവാളിന്റെ ഫോണിലെ വിവരങ്ങള്‍ എടുക്കാന്‍ ആപ്പിളിന്റെ സഹായം ഇഡി തേടിയിരുന്നെങ്കിലും കമ്പനി ഇതിന് തയ്യാറായിട്ടില്ല എന്നാണ് സൂചന. അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ പരിശോധിക്കുന്നത് ഇന്ത്യ സഖ്യവുമായുള്ള ചര്‍ച്ചയുടെ വിശദാംശം ചോര്‍ത്താനാണെന്നായിരുന്നു എ.എ.പിയുടെ പ്രതികരണം.

മാര്‍ച്ച് 21ന് രാത്രിയായിരുന്നു ഇഡി കെജ്രിവാളിനെ അറസ്റ്റു ചെയ്തത്. പ്രാഥമിക കസ്റ്റഡി മാര്‍ച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഏപ്രില്‍ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു.