വടകര ബാലവാടിയില്‍ വീട് കയറി ആക്രമണം; കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്



വടകര: ചേറോട് പഞ്ചായത്തിലെ ബാലവാടിയില്‍ വീടു കയറി ആക്രമണം. സംഭവത്തില്‍ കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കയ്യാലയില്‍ രാജീവന്‍ (47), ഭാര്യ ബിന്ദു (41), മക്കളായ അഭിഷേക് (21), അഭിരാമി (18), പ്രദേശവാസികളായ മഠത്തിന്‍ ദിപിന്‍, അമ്പാടിയില്‍ അര്‍ച്ചിത്, ഈരായി മീത്തല്‍ വിനീഷ് എന്നിവര്‍ക്കാണ് അടിയേറ്റത്. അര്‍ച്ചിതിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.

കയ്യാല രാജീവന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ പതിനഞ്ചംഗസംഘം ഇരുമ്പുപൈപ്പുകളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു.
വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ആക്രമിക്കുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 ആളുടെ പേരില്‍ വടകര പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 10.10-ഓടെയാണ് ബാലവാടിയെ നടുക്കിയ സംഭവമുണ്ടായത്.

ഈ പ്രദേശവാസികളായ യുവാക്കള്‍ റെയില്‍വേ ട്രാക്കിനരികില്‍ ഇരിക്കുമ്പോള്‍ മറ്റൊരു സംഘവുമായി വാക്തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വീടുകയറിയുള്ള ആക്രമണം നടന്നത്. ഈ സംഘത്തില്‍പ്പെട്ട ചിലര്‍ മഴ പെയ്തപ്പോള്‍ രാജീവന്റെ വീട്ടില്‍ കയറിനിന്നിരുന്നു. ഈ സമയത്ത് എതിര്‍സംഘം ആളെക്കൂട്ടിയെത്തി വീട്ടില്‍ക്കയറി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടപെട്ട വീട്ടുകാര്‍ക്കും അടികിട്ടി. മാത്രമല്ല, വീട്ടില്‍ കനത്ത നാശവും വരുത്തി. എല്ലാ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തു. അരഭിത്തിയിലെ ടൈലുകളും തകര്‍ത്തു. മുറ്റത്ത് നിര്‍ത്തിയിട്ട പിക്കപ്പ് വാനും കാറും കേടുവരുത്തി.

അക്രമിസംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍പ്പെട്ട ഒരാള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ച് മുറിവേല്‍പ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

[bot1]