ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചു; പ്രദേശത്താകെ കടുത്ത ദുർഗന്ധം


ചേമഞ്ചേരി: ദേശീയപാതയിൽ ചേമഞ്ചേരി സ്റ്റേഷന് വടക്കുഭാഗത്ത് ചെറാടക്കുനി ഭാഗത്ത് ജനവാസ പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചു. ടാങ്കർ ലോറിയിലാണ് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. ഇതോടെ പ്രദേശത്താകെ കടുത്ത ദുർഗന്ധം പരന്നു.

സമീപ പ്രദേശങ്ങളിലെ കുടിവെള്ളങ്ങളിൽ മാലിന്യം കലരുമെന്ന ഭീതിയിലാണ് സമീപവാസികൾ വലിയ ഹോട്ടലുകളിൽ നിന്നും ആശുപത്രികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ മാലിന്യം ശേഖരിക്കുന്നവർ പലപ്പോഴും ശാസ്ത്രീയമായി സംസ്ക്കരിക്കാതെ വഴിയരികിൽ തള്ളുന്നത് പതിവാണ്. അത്തരത്തിലാണ് ചേമഞ്ചേരിയിൽ മാലിന്യം തള്ളിയത് എന്നാണ് അനുമാനം.

മാസങ്ങൾക്ക് മുമ്പ് പൊയിൽക്കാവ് അങ്ങാടിക്കു സമീപം ഇതേ പോലെ നിക്ഷേപിച്ചിരുന്നു. ഗ്രാമപഞ്ചായത്തും ഹെൽത്ത് വിഭാഗവും പോലീസിൽ പരാതി നൽകിയെങ്കിലും ഇത്തരം ഏജൻസികളെക്കുറിച്ച് അന്വേഷിക്കുകയോ രാത്രി സമയത്ത് ഇത്തരം വാഹനം റോഡരികിൽ നിർത്തുന്നത് കണ്ടാൽ അന്വേഷിക്കുകയോ ചെയ്യാത്തതാണ് വീണ്ടും വീണ്ടും ഇത് ആവർത്തിക്കുന്നതെന്നാണ് ആരോപണം. വാർഡ് മെമ്പറും പൊതു പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അധികൃതരെ വിവരം അറിയിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ടു.