‘വിരൽ തുമ്പിലോരോണം’; വ്യത്യസ്തമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം 


കൊയിലാണ്ടി: ഓൺലൈൻ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം ശ്രദ്ധേയമായി. ‘വിരൽ തുമ്പിലോരോണം’ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ എട്ട് വർഷങ്ങളായി ഓൺലൈനിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഓണാഘോഷമാണ് വിവിധ പരിപാടികളോടെ ഈ വർഷവും നടത്തുന്നത്. നിരവധി രാജ്യങ്ങളിലുള്ള കൊയിലാണ്ടിക്കാരുടെ ആഘോഷമായി മാറി കൊയിലാണ്ടിക്കൂട്ടത്തിന്റെ ഓണാഘോഷം.

അത്തം ഒന്ന് മുതൽ അത്തം പത്ത് വരെ ഫെയ്സ്ബുക്ക് ലൈവ് സ്ട്രീമിലൂടെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത് ഓൺലൈനിൽ എല്ലാ ദിവസവും രാത്രി ഒൻപത് മണി മുതൽ 10 വരെയാണ് പരിപാടികൾ. കൊയിലാണ്ടിക്കൂട്ടത്തിലെ വിവിധ ചാപ്റ്ററുകളിലുള്ള കലാകാരൻമാരും നാട്ടിലുള്ള കലാകാരൻമാരും പരിപാടികളിൽ പങ്കാളികളാവും.

നാടൻ പാട്ട്, നാടകം, മുട്ടിപ്പാട്ട്, തിരുവാതിര, നൃത്തപരിപാടികൾ, ഓണപ്രശ്നോത്തരികൾ, ശിങ്കാരിമേളം, പൂക്കളമത്സരം,
അശ്വിനി ദേവിന്റെ ഗാനസന്ധ്യ തിരുവോണനാളിൽ മെഗാ മ്യൂസിക്കൽ ഷോ എന്നീ പരിപാടികൾ അരങ്ങേറും. എം.പി കെ.മുരളീധരൻ, എം.എൽ.എ കാനത്തിൽ ജമീല, നഗരസഭാ ചെയർപെഴ്സൺ സുധ കിഴക്കേ പാട്ട്, വിവിധ സാംസ്കാരിക നായകർ എന്നിവർ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയിലെ മെമ്പർ മാർക്ക് ആശംസകൾ നേർന്നു.

റഷീദ് മൂടാടി, റാഷിദ് സമസ്യ, ഷാജി പീവീസ്, പവിത്രൻ കൊയിലാണ്ടി, റാഫി ഊരള്ളൂർ, അസീസ് മാസ്റ്റർ, ഫൈസൽ മൂസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.