കന്നിവോട്ട് ആഘോഷമാക്കി യുവജനത, അവശതകളിലും തളരാത്ത വോട്ടിംങ് ആവേശം; കാണാം പേരാമ്പ്ര, ഓര്‍ക്കാട്ടേരി പോളിംങ് ബൂത്തിലെ ചിത്രങ്ങള്‍
പേരാമ്പ്ര: ശരീരം തളര്‍ത്തിയിട്ടും തളരാതെ വീല്‍ച്ചെയറില്‍ വോട്ട് ചെയ്യാനെത്തിയവര്‍, കന്നിവോട്ട് സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കി പെണ്‍കുട്ടികള്‍, വിവാഹം കഴിഞ്ഞ് നേരെ വോട്ടുചെയ്യാനെത്തിയ വധുവും വരനും. ഇത്തരം നിരവധി കാഴ്ചകളാണ് പേരാമ്പ്ര നിയോജകണ്ഡലത്തിലെയും ബാലുശ്ശേരിയില്‍ നിന്നും വടകരയിലെ വിവിധ ബൂത്തുകളില്‍ നിന്നും കാണാന്‍ കഴിയുന്ന ദൃശ്യങ്ങള്‍.
രാവിലെ തന്നെ ജോലികളെല്ലാം പൂര്‍ത്തിയാക്കി മിക്ക സ്ത്രീകളും പോളിംങ് ബൂത്തില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ച കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ബാലുശേരി മണ്ഡലത്തിലെ പൂനത്ത് ചെറുവത്ത്താഴെ കുനിയില്‍ നവവധു അയന, വരന്‍ സുബിന്‍ കൃഷ്ണയോടൊപ്പം വിവാഹശേഷം നേരെ എത്തിയത് പുനത്ത് നെല്ലിശ്ശേരി എ.യൂ.പി സ്‌കൂളില്‍ വോട്ട് ചെയ്യാനായിരുന്നു.
വടകര, ഓര്‍ക്കാട്ടേരി എല്‍.പി സ്‌കൂളിലെ ബൂത്തില്‍ വീല്‍ച്ചെയറില്‍ വോട്ട് ചെയ്യാനായി എത്തിയത് നിരവധി വയോജനങ്ങളായിരുന്നു. ശരീരം തളര്‍ത്തിയ ലക്ഷണങ്ങളൊന്നും വോട്ട് ചെയ്ത ശേഷം അവരുടെ മുഖത്ത് കാണാനില്ലായിരുന്നു. കന്നിവോട്ടിന്റെ ത്രില്ലിലാണ് വടകര ഓര്‍ക്കാട്ടേരിയില്‍ എത്തിയ പെണ്‍കുട്ടികള്‍. ശാരീരികപരിമിതികള്‍ മറന്ന് ഇലക്ട്രിക് വീല്‍ച്ചെയറില്‍ തന്റെ വോട്ട് രേഖപ്പെടുത്താന്‍ നാദാപുരം നോര്‍ത്ത് എം.എല്‍.പി സ്‌കൂളിലെ 167ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ഹബീബ് എം കെ.
രാവിലെ 6 മണിമുതല്‍ നീണ്ട ക്യൂ ആണ് പല ബൂത്തുകളിലും കാണാന്‍ കഴിഞ്ഞത്. വോട്ടിംങ് മെഷീന്‍ തകരാര്‍, തിരക്ക്, കുഴഞ്ഞ് വീണ് മരണം, തുടങ്ങി നിരവധി സംഭവവികാസങ്ങള്‍ ഈ മണഇക്കൂറുകളില്‍ കടന്നുപോയി. വോട്ടിംങ് രേഖപ്പെടുത്താനുളള സമയം അവസാന മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് 60 ശതമാനത്തിലധികം പോളിംങ് ആണ് രേഖപ്പെടുത്തുന്നത്.