ഇനി അവർ അറിവിന്റെ ലോകത്തിലേക്ക്, സ്‌കൂളുകൾ ഇന്ന് തുറക്കും; പ്രവേശനോത്സവം ആഘോഷമാക്കും


തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. 2,44,646 കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം. ജില്ലാതലത്തിൽ നടക്കുന്ന പ്രവേശനോത്സവ പരിപാടികൾക്ക് വിവിധ മന്ത്രിമാർ നേതൃത്വം നൽകും.

കോഴിക്കോട് ജില്ലാതല പ്രവേശനോത്സവം ചെറുവണ്ണൂർ ജിവിഎച്ച്എസ്എസിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പഞ്ചായത്ത്, ന​ഗരസഭാ അടിസ്ഥാനത്തിലുള്ള പ്രവേശനോത്സവം അതത് പഞ്ചായത്ത് പ്രസിഡന്റുമാരും ന​ഗരസഭാ ചെയർപേഴ്സൺമാരും നിർവഹിക്കും. സ്‌കൂൾ തലത്തിലും വർണാഭമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ മുഖ്യാതിഥികളാക്കി കുട്ടികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് പല സ്കൂളുകളും നടത്തിയിരിക്കുന്നത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് ഇക്കുറി ഉണ്ടായി. കഴിഞ്ഞവർഷം 298,067 കുട്ടികൾ വന്നയിടത്ത് ഇത്തവണ 2,44,646 ആയി കുറഞ്ഞു. 34,48,553 കുട്ടികളാണ് വിവിധ ക്ലാസുകളിലായി സംസ്ഥാനത്തെ സ്‌കൂളുകളിൽ എത്തുന്നത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം.