”സുരേഷ് ഗോപിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനവും കേരള ജനതയ്ക്ക് അപമാനവുമാണ്”; ജാതി അധിക്ഷേപത്തിനെതിരെ പയ്യോളിയില്‍ പ്രതിഷേധ സംഗമവുമായി പട്ടികജാതി ക്ഷേമസമിതി


പയ്യോളി: ബി.ജെ.പിയുടെ ഉന്നതനായ നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി നടത്തിയ ട്രൈബല്‍ വിഭാഗത്തിന്റെ മന്ത്രി ഉന്നതകുലജാതനാകണമെന്ന പരാമര്‍ശം ഭരണഘടനാലംഘനവും സാംസ്‌കാരികമായി ഉന്നത നിലവാരം പുറത്തുന്ന കേരള ജനതക്ക് അപമാനവുമാണെന്ന് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം അജീഷ് കൈതക്കല്‍ പറഞ്ഞു. പ്രസ്തുത പരാമര്‍ശത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെയും അപമാനിക്കുകകൂടി ചെയ്തിരിക്കുകയാണ് ഇയാള്‍. ഹിന്ദു സവര്‍ണ്ണമേധാവികളുടെ ദുഷിച്ചു നാറിയ ചിന്തയും പേറിനടക്കുന്ന സുരേഷ് ഗോപി മുന്‍പും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു നാക്കു പിഴവായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി ക്ഷേമ സമിതി പയ്യോളി എരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഈ നികൃഷ്ട ജീവിയെ പേറി നടക്കുന്ന പാര്‍ട്ടിയാകട്ടെ ഇയാള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുകയാണ്. ജാതി അടിമത്തം നിലനിന്നിരുന്ന കേരളത്തെ മനുഷ്യര്‍ അധിവസിക്കുന്ന സ്ഥലമായി മാറ്റി തീര്‍ത്ത ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, സഹോദരനയ്യപ്പനും, എ.കെ.ജിയും, ഇ.എം.എസും ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ ഉഴുതുമറിച്ച കേരള മണ്ണിനെ ജാതി അഴിമത്തത്തിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സുരേഷ് ഗോപിയെ പോലുള്ള കാലചക്രം പിന്നോട്ട് തിരിക്കുന്ന ശക്തികള്‍ക്കെതിരെ നാം നിതാന്ത ജാഗ്രത പുലര്‍ത്തേണം.” അജീഷ് കൈതക്കല്‍ പറഞ്ഞു.

ഏരിയ പ്രസിഡന്റ് കെ.സുകുമാരന്‍ അധ്യക്ഷനായി. ടി.കെ.ഭാസ്‌കരന്‍, എം.വി.ബാബു സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.ടി.ലിഖേഷ് സ്വാഗതവും ട്രഷറര്‍ കെ.എം.പ്രമോദ് നന്ദിയും പറഞ്ഞു.