കരകൗശല വിസ്മയം കാണാന്‍ ഇനിയും പോയില്ലേ, മൂന്ന് ദിവസം കൂടി മാത്രം; സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള അവസാന ദിന തിരക്കുകളില്‍
ഇരിങ്ങല്‍: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഡിസംബര്‍ 22 മുതല്‍ ആരംഭിച്ച അന്താരാഷ്ട്ര കരകൗശല മേള അവസാന ദിന തിരക്കുകളിലേക്ക്. ജനുവരി എട്ടിനാണ് മേള അവസാനിക്കുന്നത്. ആയിരക്കണക്കിന് കരകൗശല പ്രേമികളാണ് ഇതിനകം മേളയിലെ പ്രദര്‍ശനങ്ങള്‍ കാണാനും ഇഷ്ട ഉല്പന്നങ്ങള്‍ വാങ്ങാനുമായെത്തിയത്.
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളാണ് മേളയിലുള്ളത്. പ്രകൃതി സൗഹാര്‍ദ്ദപരമായാണ് മേള നടത്തുന്നത്. നേരത്തെ സ്റ്റാളുകള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ പ്ലാസ്റ്റിക് പൈപ്പുകളും മറ്റും ഉപയോഗിച്ചെങ്കില്‍ ഇത്തവണ മരങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കളാണ് ഇതിന് ഉപയോഗിക്കുന്നത്.
മേള തുടങ്ങിയതിന് പിന്നാലെ ക്രിസ്മസ് അവധിയും തുടങ്ങിയതോടെ വലിയ തിരക്കാണ് സര്‍ഗാലയയില്‍ അനുഭവപ്പെട്ടത്. അവധി കഴിഞ്ഞതോടെ തിരക്കല്‍പ്പം കുറഞ്ഞെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ആളുകള്‍ കൂടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സമയമായതിനാല്‍ മൂരാട് മേഖലയില്‍ ചെറിയ ചില ഗതാഗതക്കുരുക്കള്‍ അനുഭവപ്പെട്ടെങ്കിലും വലിയ തോതിലുള്ള ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. പൊലീസും സര്‍ഗാലയയിലെ വളണ്ടിയര്‍മാരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
11 വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 400 ഓളം കരകൗശല വിദഗ്ധരാണ് മേളയുടെ ഭാഗമായുളളത്. ഗ്രാമീണരായ നിരവധി കരകൗശല വിദഗ്ധരെ മേളയില്‍ പങ്കെടുപ്പിക്കാനും അവര്‍ക്ക് വിദേശത്ത് നിന്നെത്തിയ കരകൗശല വിദഗ്ധരുമായും ബന്ധപ്പെടാനും അവരുടെ ഉല്പന്നങ്ങളെ പരിചയപ്പെടാനും അവസരം ഒരുക്കിയതായും സര്‍ഗാലയ സി.ഇ.ഒ പി.പി.ഭാസ്‌കരനും ജനറല്‍ മാനേജര്‍ ടി.കെ.രാജേഷും പറഞ്ഞു.