വീല്‍ച്ചെയറിലിരുന്ന് കാരയാട് സ്വദേശി ശരണ്യ ഫോണില്‍ കുത്തിക്കുറിച്ച വരികള്‍ ഇനി കേട്ടാസ്വദിക്കാം; ‘ഹൃദയപൂര്‍വ്വം’ മ്യൂസിക് വീഡിയോ യൂട്യൂബില്‍
ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെയും പരാതികളില്ലാത്ത ജീവിതത്തിന്റെയും കഥ പറയുന്ന ശരണ്യ ആനപൊയിലിന്റെ വരികള്‍ ഇനി മ്യൂസിക് വീഡിയോ ആയി ആസ്വദിക്കാം. ലെനീഷ് കരയാട് സംഗീതം നല്‍കി ആലപിച്ച ‘ഹൃദയപൂര്‍വം’ മ്യൂസിക് വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു.
നിതിന്‍ രവീന്ദ്രന്‍ നടുപ്പറമ്പന്‍ സംവിധാനം ചെയ്തിരിക്കുന്ന വീഡിയോയുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ഡി.ജി. ആണ്. സച്ചിന്‍രാജാണ് എഡിറ്റിങ് നിര്‍വഹിച്ചത്. ‘നടുപ്പറമ്പന്‍-ദി സ്റ്റോറി ടെല്ലര്‍’ എന്ന പുതിയ യൂട്യൂബ് ചാനലിന്റെ ആദ്യ റിലീസിംഗ് കൂടിയാണ് ‘ഹൃദയപൂര്‍വം’.
അരിക്കുളം കാരയാട് സ്വദേശിയാണ് ശരണ്യ ആനപ്പൊയില്‍. സെറിബ്രല്‍ അറ്റാക്‌സി അസുഖബാധിതയാണ് ശരണ്യ. ശരണ്യ തന്നെയാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും.
പേരാമ്പ്രയിലെ സ്വകാര്യ കോളേജില്‍ ബികോമിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സെറിബ്രല്‍ അറ്റാക്‌സിയ രോഗലക്ഷണങ്ങള്‍ ശരണ്യയില്‍ കണ്ടുതുടങ്ങിയത്. ആദ്യം സംസാരത്തിലും എഴുത്തിലുമായിരുന്നു ബുദ്ധിമുട്ട്. ക്രമേണ നടക്കാനും ബുദ്ധിമുട്ടായി. ഇതോടെ പഠനവും മുടങ്ങി. ശരണ്യ വീട്ടിനുള്ളില്‍ ഒതുങ്ങേണ്ടിവന്നു. വീട്ടിലെ ഒറ്റപ്പെടലില്‍ മൊബൈല്‍ ഫോണില്‍ ശരണ്യ കുത്തിക്കുറിച്ച വരികള്‍ ‘ഹൃദയസ്പന്ദനങ്ങള്‍’ എന്ന പേരില്‍ കവിതാസമാഹാരമായി പ്രസിദ്ധീകരിച്ചിരുന്നു. അഞ്ചുവര്‍ഷമായി ശരണ്യ കവിതയെഴുതാന്‍ തുടങ്ങിയിട്ട്.
കാരയാട് ആനപ്പൊയില്‍ ഗംഗാധരന്റെയും ശോഭനയുടെയും രണ്ടാമത്തെ മകളാണ് ശരണ്യ.