ഫ്രിഡ്ജിൽ വെച്ച് കഴിക്കുന്ന ഭക്ഷണവും വില്ലനാകും; ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


ഫാസ്റ്റ് ഫുഡ് ഉൾപ്പെടെയുള്ള ഭക്ഷണത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളിൽ കൂടുതലും. വീട്ടിൽ തയ്യാറാക്കി വെച്ച ഭക്ഷണം ഉണ്ടെങ്കിലും ഓൺലെെനിലൂടെ ഓർഡർ ചെയ്തോ കടയിൽ നേരിട്ട് പോയി കഴിക്കാനോ ആർക്കും മടിയുമില്ല. എന്നാൽ ഭക്ഷണപ്രിയരെ ആശങ്കയിലാഴ്ത്തുന്നതാണ് അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങൾ. കേവലം ആരോ​ഗ്യ പ്രശ്നങ്ങളേക്കാളുപരി ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഭക്ഷണം കവരുന്നത്. ഭക്ഷണം തയ്യാറാക്കുന്നത് മുതൽ അവ വിളമ്പി നൽകുന്നത് വരെ ഏറെ ശ്രദ്ധയും കരുതലും ആവശ്യമാണെന്ന് ഇത്തരം സന്ദർഭങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.

വിശ്വസിച്ച്‌ എവിടെനിന്ന് ആഹാരം കഴിക്കുമെന്ന ഭയത്തിലാണ് മലയാളികൾ. എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്നും പ്രതിവിധിയായി ഹോട്ടലുകളിലും വീടുകളിലും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പരിശോധിക്കാം.

ഹോട്ടലുകൾ

 • തിരക്കുള്ള ഹോട്ടലിൽ ദിവസം 100 കിലോയിലധികം മാംസം ആവശ്യമുണ്ട്. ചിലസ്ഥാപനങ്ങളിൽ വൻതോതിൽ ഇവ വാങ്ങിസൂക്ഷിക്കുന്നു. പാകംചെയ്ത് സൂക്ഷിക്കുന്നവരും കുറവല്ല.
 • മാംസം നിശ്ചിതതണുപ്പിൽ ഫ്രീസറിൽ സൂക്ഷിക്കണമെന്നുണ്ട്. പലരും അങ്ങനെചെയ്യുന്നില്ല.
  പാചകംചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളികൾ വേണ്ടത്ര ശുചിത്വം പാലിക്കാറില്ല. ഇവരിൽനിന്ന്‌ ഭക്ഷണം മലിനമാകാം.
 • തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കേണ്ടതിനുപകരം പച്ചവെള്ളം ഒഴിക്കുന്ന രീതിയുണ്ട്. ഇതും അസുഖം വിളിച്ചുവരുത്തും.

ഭക്ഷ്യവിഷബാധയുടെ കാരണങ്ങൾ

 • മലിനജലം ഉപയോഗിക്കുക
 • ശുചിത്വമില്ലാതെ പാചകം ചെയ്യുക
 • വൃത്തിയില്ലാത്ത പാത്രങ്ങളിൽ ഭക്ഷണം പാചകംചെയ്യുക, സൂക്ഷിക്കുക
 • ഇറച്ചി, മീൻ, പാൽ, പാലുത്പന്നങ്ങൾ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന
 • ഭക്ഷണങ്ങൾ നിയന്ത്രിത ഊഷ്മാവിൽ സൂക്ഷിക്കാതിരിക്കുക

വീട്ടിലെ ഫ്രിഡ്ജും വില്ലനായേക്കാം

 • പാകംചെയ്ത ഭക്ഷണം അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം മാറ്റിവെക്കാൻ
 • ദീർഘനേരം പുറത്ത് അശ്രദ്ധമായിവെച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
 • ഒരുതവണ ഫ്രിഡ്ജിൽവെച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ ബാക്കി വീണ്ടും ഫ്രിഡ്ജിൽ വെക്കരുത്.
 • ചോറ്, നോൺ-വെജ് കറികൾ എന്നിവയെല്ലാം കഴിവതും രണ്ടുദിവസത്തിനുള്ളിൽത്തന്നെ ഉപയോഗിച്ചുതീർക്കണം.

വില്ലൻ അറേബ്യൻ വിഭവങ്ങൾ

ഹോട്ടലുകളിലെ മാംസം ഫ്രീസറിൽ നിശ്ചിത തണുപ്പിൽ (-5 ഡിഗ്രി) സൂക്ഷിക്കുക. അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധകളിലെല്ലാം വില്ലൻ അറേബ്യൻ വിഭവങ്ങളാണ്‌. അറബിനാടുകളിൽ ഇത്തരം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് നിശ്ചിതരീതിയുണ്ട്. അതുപഠിക്കാതെയാണ് കേരളത്തിൽ ഇത്തരം വിഭവങ്ങൾ പാകംചെയ്യുന്നത്. മയോണൈസ് രണ്ടുമണിക്കൂറിൽ കൂടുതൽ പുറത്തുവെക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാകംചെയ്ത ആഹാരം ഏറെനേരം തുറന്നുവെക്കരുത്.

ലക്ഷണങ്ങൾ
ഓക്കാനം, ഛർദി, വയറിളക്കം, പനി, ക്ഷീണവും ബലഹീനതയും, തലവേദന, അടിവയറിന്റെ ഭാഗങ്ങളിൽ വേദന വേണ.

ഭക്ഷണം കഴിക്കുന്നവരുടെ വയറുനിറയുന്നതിനൊപ്പം അത് നൽകുന്നവരുടെ മനസ്സും നിറയണം. വിഷാംശമില്ലാത്ത ഭക്ഷണം നൽകുന്നവർക്കേ അതിനുസാധിക്കൂ. നല്ലഭക്ഷണമേ നൽകാവൂ എന്ന ധാർമികബോധം ഓരോ ഉടമയ്ക്കുമുണ്ടാവണം.

കോഴിക്കോടെ ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ വിനോദ് കുമാർ ആണ് ലേഖകൻ.