അതിവേഗം ആരും റോഡിലൂടെ പറക്കേണ്ട! വേഗപ്പൂട്ടില്‍ കുടുങ്ങും, സംസ്ഥാനത്തെ പുതുക്കിയ വാഹനവേഗ പരിധി ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍


കോഴിക്കോട് : സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്ററാണ് വേഗത, 4 വരി ദേശീയ പാതയിൽ 90 ആയിരുന്നത് നൂറാക്കി ഉയർത്തി , മറ്റ് ദേശീയപാത, എം. സി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 ആയിരുന്നത് 90 കിലോമീറ്റർ ആക്കി .മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 , മറ്റു റോഡുകളിൽ 70 , നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയ വേഗപരിധി. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 , മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 , മറ്റു റോഡുകളിൽ 70 , നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

 

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറുവരി, നാലുവരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാനപാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ ആയും നിജപെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാൽ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. സംസ്ഥാനത്ത് എ. ഐ
ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനർ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലായ് 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.