കനത്ത മഴ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം; ജലാശയങ്ങളിലേക്കുള്ള യാത്രകൾക്ക് നിരോധനം


കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിന്നാലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം, എല്ലാത്തരത്തിലുമുള്ള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണം, മണൽ എടുക്കൽ, എന്നിവ കർശനമായി നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടർ എ,ഗീത അറിയിച്ചു.

വെള്ളച്ചാട്ടങ്ങൾ നദി തീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കുമുള്ള യാത്രകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകകൾ എന്നിവിടങ്ങളിലേക്കുള്ള രാത്രി യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ യാത്ര ഒഴിവാക്കണമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.