ബീച്ച് നവീകരണത്തിന് വേണ്ടി യു.ഡി.എഫ് യാതൊന്നും ചെയ്തിട്ടില്ല, ഇടതുപക്ഷ സർക്കാർ കോടിക്കലിൽ നിരന്തരമായി വികസന ഇടപെടലുകൾ നടത്തുന്നു; നിയാസ് പി.വി എഴുതുന്നു


നിയാസ് പി.വി

കോടിക്കല്‍ ഫിഷ് ലാന്റിങ് സെന്‍ററിനെക്കുറിച്ച് പി.കെ.മുഹമ്മദലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ എഴുതിയത് വായിച്ചു. ‌വസ്തുതകളും ഇടതുപക്ഷസർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളും മറച്ചുവെച്ചുകൊണ്ടാണ് എഴുത്തുകാരൻ കോടിക്കൽ ഡയറി എന്ന പേരിൽ തന്റെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാൻ ശ്രമിച്ചത്.


Related Story: തറക്കല്ലിട്ടിട്ട് ഇരുപത്തിരണ്ട് വർഷം; കോടിക്കൽ ഫിഷ് ലാന്റിങ് സെന്റർ എന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം ഇന്നും കടലാസിൽ മാത്രം – പി.കെ.മുഹമ്മദലി എഴുതുന്നു


യഥാർത്ഥത്തിൽ വിമർശനമുന്നയിക്കുന്ന പ്രദേശത്തെ മൃഗീയ ഭൂരിപക്ഷമുള്ള യു.ഡി.എഫിന്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുള്ള ശ്രമവും ബീച്ച് നവീകരണത്തിന് വേണ്ടി നടന്നിട്ടില്ല എന്ന സത്യം പാടേ മറച്ചുവച്ചുകൊണ്ടാണ് പി.കെ.മുഹമ്മദലി ധാര്‍മിക രോഷം കൊള്ളുന്നത്.

എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രദേശത്ത് നിരന്തരമായി വികസന ഇടപെടലുകള്‍ നടത്തിയിട്ടുമുണ്ട്. സ്ഥലം ഏറ്റെടുത്തതും പുലിമുട്ട് നിർമിച്ചതും ബീച്ചിലേക്കുള്ള റോഡും നിലവിലുള്ള ഹൈമസ്റ്റ് ലൈറ്റും ഇടതുപക്ഷസർക്കാരിന്റെ വികസന കാഴ്ചപ്പാടിനുദാഹരണമാണ്.

കോടിക്കൽ ഹാർബറിന്റെ നിർമ്മാണം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ച് സി.പി.എം കോടിക്കൽ ബ്രാഞ്ച് സെക്രട്ടറി പുരുഷോത്തമൻ ശിവശങ്കർ ഐ.എ.എസ്സുമായി സംസാരിക്കുന്നു.


ഇരുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനം നടത്തുന്ന കോടിക്കലിൽ മത്സ്യത്തൊഴിലാളികൾക്ക് അനുബന്ധ ഉപകരണങ്ങൾ സൂക്ഷിക്കാനും റിപ്പയർ ചെയ്യാനുമുള്ള സൗകര്യത്തിനുവേണ്ടിയുള്ള കെട്ടിടം, ശുചിമുറികൾ, വിശ്രമകേന്ദ്രം എന്നിവ നിർമ്മിക്കാനാവശ്യമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഫിഷറീസ് വകുപ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്. അതേ സമയം ബീച്ച് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടക്കുന്നതിനാലാണ് ഫിഷ് ലാന്റിങ് സെന്ററിന്റെ പണി പുരോഗമിപ്പിക്കാൻ തടസമായി നിൽക്കുന്നതെന്നും അധികൃതരിൽ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട്.


(ഡി.വൈ.എഫ്.ഐ നന്തി മേഖല സെക്രട്ടറിയാണ് ലേഖകൻ)