ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും പൊട്ടിക്കാനും പാടുള്ളൂ, ദീപാവലി, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം


തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ട് മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാണ് പടക്കം പൊട്ടിക്കാന്‍ അനുമതിയുള്ളത്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം.

ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.