കരുതലിന്റെയും കരുണയുടെയും ത്യാഗത്തിന്റെയും പരിയായമായി പേരാമ്പ്രക്കാരി സിസ്റ്റർ ലിനി; ഓർക്കാം, ജീവൻ പോലും പണയം വെച്ച് പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാരെ


ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം. എന്നും എല്ലായിടത്തും കരുതലിന്റെ കൈകള്‍ നീട്ടുന്ന നഴ്‌സിങ് സമൂഹത്തെയാകെ ആദരിക്കുന്ന ദിവസം. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്.

രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാള്‍ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകളിലൂടെ അല്ലാതെ മലയാളികള്‍ക്ക് നഴ്‌സസ് ദിനം ആചരിക്കാനാവില്ല. കേരളത്തെ, പ്രത്യേകിച്ച് പേരാമ്പ്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാര്‍ത്ഥ ആതുര സേവനത്തിന്റെ മാതൃകയാണ്. സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ. ലിനിയെ ഓര്‍ക്കാതെ ഈ ദിനം എങ്ങനെ കടന്നു പോകും?

ഒരു ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി ലിനി കടന്ന് പോയെങ്കിലും മരണം കീഴ്‌പ്പെടുത്തുന്നതിന് മുന്‍പുള്ള നിമിഷങ്ങളില്‍ അവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ എക്കാലവും വിലമതിക്കുന്നതാണ്. പ്രത്യേകിച്ച് മാനവരാശി മുഴുവന്‍ കോവിഡെന്ന മഹാമാരിയെ പൊരുതി തോല്‍പ്പിക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ഈ കാലഘട്ടത്തില്‍.

തനിക്ക് രോഗമുണ്ടെന്ന് തോന്നി തുടങ്ങിയപ്പോള്‍ തന്നെ പാല്‍മണം മാറാത്ത കുഞ്ഞിനെയുള്‍പ്പടെ പ്രിയപ്പെട്ടവരെയെല്ലാം അകറ്റി നിര്‍ത്തി ലിനി സ്വയം തെരഞ്ഞെടുത്ത ”ഏകാന്തവാസം”എന്ന വലിയ കരുതലാണ് മലയാളി കണ്ട ആദ്യത്തെ ‘ ക്വാറന്റീന്‍”. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് തന്നെയും പ്രവേശിപ്പിക്കണമെന്ന് സഹപ്രവര്‍ത്തകരോട് അങ്ങോട്ട് ആവശ്യപ്പെട്ട ”കരുതല്‍”. മലയാളിക്ക് ലിനിയെന്ന മാലാഖ പരിചയപ്പെടുത്തിയ ഈ മാതൃക തന്നെയാണ് കോവിഡ് വ്യാപനം തടയാന്‍ ഇന്ന് ലോക ജനതയൊന്നാകെ സ്വീകരിച്ച സെല്‍ഫ് ക്വാറന്റീന്‍ എന്ന പ്രതിരോധ മാര്‍ഗം.

പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ പടര്‍ന്ന് പിടിച്ചത് നിപയാണെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ രോഗിയിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നതിനും മുമ്പേ ഇത് ജീവനെടുക്കുന്ന മഹാവ്യാധിയാണെന്നും താന്‍ അതിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞെന്നും ലിനി സ്വയം ഉറപ്പിച്ച് കാണണം. അന്ന് ലിനി സ്വീകരിച്ച ആ ക്വാറന്റൈന്‍ മാതൃക കോവിഡ് കാലത്ത് മാത്രമല്ല ആതുര സേവന രംഗത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളിലെക്കാലവും തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. ഒരു കടലാസുകഷ്ണത്തില്‍ സ്വപ്നങ്ങളെല്ലാം കുറിച്ച് നല്‍കി യാത്രയായ സിസ്റ്റര്‍ ലിനി തന്നെയാണ് കോവിഡെന്ന ദുരന്ത മുഖത്ത് തളരാതെ പോരാടാന്‍ ആരോഗ്യപ്രവത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത്.

ലിനിയുടെ ആഗ്രഹമം പോലെ പിഞ്ചോമനകള്‍ക്ക് അമ്മയായും അച്ഛനായും സജീഷുണ്ട്. ചെമ്പനോട്ടെ വീട്ടില്‍ കളിച്ച് ചിരിച്ച് നടക്കുന്ന റിതുവിനും സിദ്ധുവിനും അരികില്‍ അച്ഛനും അമ്മമ്മയും ഏപ്പോഴും ഒപ്പമുണ്ട്. അമ്മയുടെ സേവനത്തിന്റെയും സഹനത്തിന്റെയും കഥകള്‍ ഓര്‍മിപ്പിച്ച് അവരുണ്ടാകും. സിദ്ധുവിന് അമ്മയെ കാണാന്‍ ഇടയ്ക്ക് തോന്നാറുണ്ട്. എന്നാല്‍ ആകാശത്ത് നിറ നക്ഷത്രമായി പുഞ്ചിരിക്കുന്ന മാലാഖ കുഞ്ഞാണ് അമ്മ എന്നാണ് അവന്റെ വിശ്വാസം. രക്ഷകനായ മാലാഖ.

ഓരോ മഹാമാരി കാലങ്ങളും കവര്‍ന്നെടുക്കുന്ന ജീവനുകള്‍ ഓര്‍മപ്പെടുത്തലാണ്. വേദനയും സഹനവും ഒത്തുചേര്‍ന്ന ഓര്‍മപ്പെടുത്തല്‍.
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ജനതയ്ക്കായി സ്വജീവന്‍ സമര്‍പ്പിച്ച് ആതുരസേവന രംഗത്ത് നിറസാനിധ്യമായി നില്‍ക്കുന്ന നഴ്‌സുമാര്‍ക്ക് ഹൃദയം കൊണ്ട് നമുക്ക് നന്ദി പറയാം.