നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്; പരാതിക്കാരിയായ കോഴിക്കോട് സ്വദേശിനിയുടെ പേര് നിയമവിരുദ്ധമായി ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തി വിജയ് ബാബു (വീഡിയോ കാണാം)


കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയില്‍ ഉണ്ട്.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

[ad-attitude]

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമയാണ് വിജയ് ബാബു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.  നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ കൂടിയാണ് വിജയ് ബാബു.

പരാതിക്കാരിക്കെതിരെ വിജയ് ബാബു

അതേസമയം തനിക്കെതിരായ ബലാത്സംഗ പരാതി വിജയ് ബാബു നിഷേധിച്ചു. ചൊവ്വാഴ്ച രാത്രി വൈകി ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിജയ് ബാബു ഇക്കാര്യം പറഞ്ഞത്.

[ad1]

പരാതിക്കാരിയായ യുവതിയുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തി. ബലാത്സംഗ കേസുകളില്‍ പരാതിക്കാരുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് വിജയ് ബാബു അറിഞ്ഞുകൊണ്ട് നിയമലംഘനം നടത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്തുന്നതിന്റെ പേരിൽ വരുന്ന കേസ് താന്‍ നേരിടുമെന്നും വിജയ് ബാബു പറഞ്ഞു.

ശരിക്കും ഇര താനാണെന്ന് വിജയ് ബാബു ലൈവ് വീഡിയോയിൽ അവകാശപ്പെടുന്നു. ഈ പരാതിയെ തുടര്‍ന്ന് തന്റെ കുടുംബവും തന്നെ സ്‌നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണെന്നും വിജയ് ബാബു ലൈവില്‍ പറഞ്ഞു.

[ad2]

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും സംഭവത്തില്‍ കൗണ്ടര്‍ കേസും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്നും മീ ടു പരാതികളില്‍ ഈ കേസ് ഒരു തുടക്കമാകുമെന്നും വിജയ് ബാബു വ്യക്തമാക്കി.

പരാതിക്കാരിയായ പെണ്‍കുട്ടിയെ 2018 മുതല്‍ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ പെണ്‍കുട്ടിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. കൃത്യമായ ഓഡിഷനിലൂടെയാണ് പെണ്‍കുട്ടി തന്റെ സിനിമയില്‍ എത്തി അഭിനയിച്ചത്.

മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കയ്യിലുണ്ട്. ഡിപ്രഷനാണെന്ന് പറഞ്ഞ് പരാതിക്കാരി ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. പരാതിക്കാരി തനിക്കയച്ചിരിക്കുന്ന സന്ദേശങ്ങള്‍ അവരുടെ കുടുംബത്തിന്റെ സങ്കടം കരുതി പുറത്തുവിടുന്നില്ല. അതിന് ശേഷം നടന്ന സംഭവങ്ങളും പറയുന്നില്ലെന്നും വിജയ് ബാബു വ്യക്തമാക്കി.

ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.

വീഡിയോ കാണാം: