ലൈലതുൽ ഖദ്ർ: മാഹാത്മ്യത്തിന്റെ രാവ് | റമദാൻ സന്ദേശം 18 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി
വിശുദ്ധ റമദാനിൽ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുണ്യ രാവാണ് ലൈലതുൽ ഖദ്ർ.അല്ലാഹു അവൻ്റെ സൃഷ്ടികളുടെ മേൽ നിർണയം നടത്തുന്ന രാവായതുകൊണ്ട് തന്നെ ഈ രാവിന് നിർണയത്തിന്റെ രാവ് എന്നും അർത്ഥമുണ്ട്.ലൈലത്തുൽ ഖദ്ർ എന്ന പേര് വരാൻ പല കാരണങ്ങളും പണ്ഡിതന്മാർ സൂചിപ്പിക്കുന്നുണ്ട്.മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു: ഈ രാവിലാണ് ഒരു വർഷത്തെ മുഖ്യ പ്രാപഞ്ചിക പ്രശ്നങ്ങൾ അല്ലാഹു നിർണയിക്കുന്നത്.ജീവികളുടെ ഭക്ഷണം,ജനനം, മരണം തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഈ രാവിൽ കണക്കാക്കപ്പെടുന്നു.
ലൈലത്തുൽ ഖദറിനെ പരാമർശിക്കുന്ന ഒരു അദ്ധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട്.മാത്രവുമല്ല പരിശുദ്ധമായ ഖുർആൻ അവതീർണമായതും ഈ രാവിൽ തന്നെയാണെന്നാണ് ഖുർആനിന്റെ തന്നെ ഭാഷ്യം.”വിശുദ്ധ ഖുർആൻ നാം അവതരിപ്പിച്ചത് ലൈലത്തുൽ ഖദ്റിലാകുന്നു.ലൈലത്തുൽ ഖദ്ർ എന്താണെന്നാണ് തങ്ങൾ മനസ്സിലാക്കുന്നത് ?ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ളതാണ് ഈ രാവ്.അല്ലാഹുവിന്റെ ആത്മാനുസരണം മലക്കുകളും ആത്മാവും ഈ രാവിൽ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന സലാമിന്റെ രാവാണിത്”.
ഈ ആയത്തിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഖുർആൻ മുമ്പേ പറഞ്ഞുവെച്ച വിശുദ്ധ റമദാനിലാണ് പരിശുദ്ധ ഖുർആൻ അവതീർണമാക്കപ്പെട്ടത് എന്ന അല്ലാഹുവിന്റെ വാക്യം.
പുണ്യ നബി (സ)പറഞ്ഞു; ജനങ്ങളെ,നിങ്ങൾക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നിരിക്കുന്നു.ആ മാസത്തിൽ ഒരു രാവുണ്ട് ആയിരം മാസത്തേക്കാൾ നന്മ നിറഞ്ഞതാണത്.
സത്യവിശ്വാസിയുടെ ഹൃദയാന്തരങ്ങളിൽ ആത്മീയവർഷം പെയ്തിറങ്ങുന്ന രാവാണ് ലൈലത്തുൽ ഖദ്ർ.മലക്കുകളും ആത്മാവും അവതരിക്കുന്ന രാവ് എന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്.ഈ രാവിൽ മലക്കുകൾ ഭൗമ ലോകത്തെത്തുന്നത് മനുഷ്യരുടെ ആരാധനയും പരിശ്രമ സ്വഭാവവും അടുത്തറിയാനാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. നമുക്ക് സലാം പറയാനും ശിപാർശ നടത്താനും മലക്കുകൾ അവതീർണമാകും. ഇങ്ങനെ മലക്കുകളുടെ സലാമെത്തിയവർ പാപങ്ങൾ പൊറുക്കപ്പെട്ടവരാകുന്നതാണ്.
ലൈലത്തുൽ ഖദ്റിനെ നേടിയെടുക്കാനും സുകൃതങ്ങൾ കൊണ്ട് ധന്യമാക്കാനും സത്യവിശ്വാസിക്ക് സാധിക്കണം.ആയിരം മാസത്തേക്കാൾ പുണ്യമേറിയ രാവാണിത്.നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് : ലൈലത്തുൽ ഖദ്റിലെ സൽപ്രവർത്തനങ്ങൾ,ദാനധർമ്മങ്ങൾ ,സക്കാത്ത്,നിസ്കാരം എന്നിവയെല്ലാം ആയിരം മാസത്തെ പ്രവർത്തനത്തേക്കാൾ പുണ്യകരമാണ്.