വടകരയുടെ വികസനക്കുതിപ്പിന് ഇനി അധിക ദൂരമില്ല; വടകര-മാഹി കനാലിനായി ഭൂമി ഏറ്റെടുക്കാന്‍ ഇനി വേണ്ടത് സര്‍ക്കാര്‍ അനുമതി മാത്രം


വടകര: ഒരു നാടിന്റെ വികസനക്കുതിപ്പിലേക്കുള്ള വലിയ ചുവടുവെപ്പുകളാണ് റോഡും പാലവും കാനാലുമെല്ലാം. ഇത്തരം വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യമാണെന്നിരിക്കേ നാടിന്റെ ചിരകാല സ്വപ്നമായ വടകര-മാഹി കനാൽ ഉൾപ്പെടെയുള്ള പ്രവൃത്തികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേർന്നു.

വടകര-മാഹി കനാല്‍ മൂഴിക്കൽ ഭാഗത്തുള്ള പ്രവൃത്തിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകിയതായി ഡെപ്യൂട്ടി കലക്ടർ യോഗത്തില്‍ പറഞ്ഞു. മറ്റുള്ള ഭാഗങ്ങളിൽ,സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് തന്നെ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കുറ്റ്യാടി ബൈപ്പാസ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ട്രക്ചറൽ വാല്യൂഷൻ പൂർത്തിയായതായി യോഗത്തില്‍ തഹസിൽദാർ  അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് 2 ദിവസത്തിനകം സമർപ്പിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കളക്ടർ നിർദ്ദേശവും നൽകി. 19(1) നോട്ടിഫിക്കേഷനുള്ള നടപടികൾ സമയബന്ധിതമായി പുറപ്പെടുവിക്കുന്നതിനും യോഗം തീരുമാനിച്ചു.

കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിൽ ശാസ്ത്രീയമായ ട്രാഫിക് പഠനത്തിന് ശേഷം അപാകതകൾ പരിഹരിച്ച അലൈൻമെന്റ് പ്രകാരം അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവർത്തി നടന്നു വരികയാണെന്നും സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

കുറ്റ്യാടി എം.എല്‍.എ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കോഴിക്കോട് ജില്ലാ കലക്ടർ എ.ഗീത ഐ.എ.എസ്, ഡെപ്യൂട്ടി കലക്ടർ (ലാൻഡ് അക്ക്വിസിഷൻ), തഹസിൽദാർ (ലാൻഡ് അക്ക്വിസിഷൻ ),ആര്‍.ബി.ഡി.സി.കെ എൻജിനീയർമാർ, കെ.ആർ.എഫ്.ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇൻലാൻഡ് നാവിഗേഷൻ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.