ഓർമ്മകളുടെ തേനറകളിൽ നോമ്പുകാലത്തിന്റെ ഈന്തപ്പഴ രുചികൾ കിനിയുന്നു…; കൊയിലാണ്ടിയുടെ യുവ എഴുത്തുകാരൻ റിഹാൻ റാഷിദ് എഴുതുന്ന നോമ്പോർമ്മകൾ വായിക്കാം


റിഹാൻ റാഷിദ്

നോമ്പോർമ്മകളിലെല്ലാം തന്നെ ബാല്യകാലം തിളക്കത്തോടെ നിൽക്കുന്നുണ്ട്. അതിലേറ്റവും പ്രിയപ്പെട്ടത് ഉപ്പ ജോലിചെയ്തിരുന്ന അരി ഗോഡൗണുമായി ബന്ധപ്പെട്ടതാണ്. അക്കാലത്തെ എല്ലാ നോമ്പ് പകലുകളും തീർന്നത് റേഷനരി മണക്കുന്ന ആ കെട്ടിടത്തിലാണ്.

തൊട്ടടുത്ത് തന്നെയുള്ള എച്ച്.എം.ടി വാച്ച് കടയിലായിരുന്നു മിക്കനേരത്തും ഞാനുണ്ടായിരുന്നത്. “കള്ള നോമ്പുകൾ” എല്ലാം അവിടെയാണ്. അതിനു മുൻപ്, പഴയ ന്യൂ ഹോട്ടലിനോട് തൊട്ടടുത്തുള്ള വാച്ചുകടയിലേക്ക് ഞാൻ എത്തിപ്പെട്ടത് പറയാം.

മൂന്നിലോ നാലിലോ പഠിക്കുന്ന സമയം. ഒരു ദിവസം ഉപ്പയും രണ്ട് സുഹൃത്തുക്കളും സ്കൂളിൽ വന്ന്, വിളിച്ചുകൊണ്ടു പോയത്, നേരെ അവിടേക്കാണ്. പിന്നിലൂടെ ഒരു വഴിയും വാച്ച് റിപ്പയർ ചെയ്യുന്ന ഒരു മുറിയും അവിടെ ഉണ്ടായിരുന്നു.

അന്നവിടേക്ക് എന്നെ കൊണ്ടുപോയതിനു കാരണം മുന്നിലെ ഷട്ടറിൻ്റെ താക്കോൽ കടയ്കുള്ളിൽ കുടുങ്ങിയത് എടുക്കാനായിരുന്നു. ഒരെലിക്കുഞ്ഞിെനെ പോലെ മെലിഞ്ഞ എന്നെയവർ, ഒരു ചെറിയ ചതുരവഴിയിലൂടെ ഉള്ളിലേക്ക് കടത്തി. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ വാച്ച് റിപ്പയർ ചെയ്ത് പുറത്തേക്ക് നൽകുന്ന ആ ചതുരത്തിൽ തലകുടിങ്ങിയേനെ. അന്നുതൊട്ടാണ് അവിടത്തെ ഒരാളായി ഞാനും മാറിയത്.

സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ രാവിലെതന്നെ അവിടെയെത്തും. പിന്നെ മിക്കവാറും വൈകിട്ടാണ് തിരിച്ച് വീട്ടിലേക്ക് ചെല്ലുക. അതിനിടയിൽ ഷൈജലേട്ടൻ്റെ കൂടെ “ചാത്തുകുട്ടീൻ്റെ” (ഇപ്പോഴത്തെ കുട്ടീസാ ഹോട്ടൽ) ഹോട്ടലിൽ ചെന്ന് ചൂടുള്ള മസാലദേശയും ചായയും കുടിക്കും.

അതു കഴിഞ്ഞ് വീണ്ടും വാച്ചുകടയുടെ ഉള്ളിൽതന്നെ ഇരിക്കും. ഇടയ്ക് ഉപ്പയുടെ അടുത്തോട്ട് ചെല്ലും. വിയർപ്പിലും അരിയിലടിച്ച മരുന്നിൻ്റേയും മണത്തിൽ ഉപ്പയപ്പോഴും തലച്ചുമടായി ലോറിയിലേക്ക് അരികയറ്റുകയാവും. അന്നൊക്കെ ഉപ്പാൻ്റെ ജോലിയുടെ കാഠിന്യം അറിയാല്ലായിരുന്നു.

പാവം നോമ്പെടുത്താണത് ചെയ്തത്. അവിടേയും കുറേ നല്ല മനുഷ്യരുണ്ടായിരുന്നു. അതിലുപരി ഇഴയടുപ്പമുള്ള കൂട്ടായ്മയായിരുന്നത്. ഗോഡൗണിൻ്റെ ഉടമ ഹാജ്യാര്, പിന്നെ അഹമ്മദ്ക്ക, മൂസക്ക തുടങ്ങിയവര് തരുന്ന ‘സകാത്ത്’ പുതിയ പത്തിൻ്റേയും ഇരുപതിൻ്റേയും നല്ലമണമുള്ള നോട്ടുകളായിരുന്നു കിട്ടിയിരുന്നത്.

അക്കാലത്തെ നോമ്പു പെരുന്നാളുകൾ മുബാറകിലും കുട്ടിക്കുപ്പായത്തിലും കയറാതെ പൂർത്തിയാവില്ല. മുറിച്ചെടുക്കുന്ന കുപ്പായത്തിൻ്റേയും പാൻ്റിൻ്റേയും തുണിയുമായി നേരത്തെകാലത്ത് തന്നെ രവിയേട്ടൻ്റെ തയ്യൽപീടികയിലേക്ക് ഓടും. അവിടെയെത്തി, അളവെടുക്കുന്നതു വരെ ഒരു സമാധാനക്കേടായിരുന്നു.

കുറച്ചുകൂടെ മുതിർന്നപ്പോൾ എല്ലാ കൊയിലാണ്ടിക്കാരുടേയുമെന്ന പോലെ പാറപ്പള്ളിയിലെ ഓർമ്മകളില്ലാത്ത നോമ്പുകാലമില്ല. തോട് കടന്ന്, കടലോരത്തുകൂടെ നടന്ന് പാറപ്പള്ളിയിലെ കരിമ്പാറകളിൽ കയറിക്കിടന്ന നോമ്പുകാലം.

നോമ്പുകാലത്തെ രാത്രികളിൽ പയ്യെ, ബീച്ചുറോഡിലെ മുഹമ്മദിക്കാൻ്റെ “കാവപ്പീടിയ” കടന്നു വന്നു. അക്കാലത്തെ നോമ്പുതുറകളിലും ഇന്നില്ലാത്തത്രയും ചേർച്ചയുണ്ടായിരുന്നു. ഉണ്ണിയേട്ടനും പ്രകാശേട്ടനും വർണ്ണത്തിലെ സതീഷേട്ടനും ചേർന്ന സന്തോഷകരമായ സൗഹൃദങ്ങളുടെ “മഗ്രിബുകൾ” പതിയെ എല്ലാം നഷ്ടമായി.

ഓർമ്മകളുടെ സൂക്ഷിപ്പുകൾ മാത്രമായി. മറ്റൊരു നോമ്പുകാലത്താണ് ഇതെഴുതുന്നത്. ഒരുപക്ഷേ ഇനിയെത്രകാലം കഴിഞ്ഞാലും എഴുതാനുണ്ടാവുക ഇതൊക്കെ തന്നെയാവും. ഓർമ്മകളുടെ തേനറകളിൽ നോമ്പുകാലത്തിൻ്റെ ഈന്തപ്പഴ രുചികൾ കിനിയുന്നു… അതിങ്ങനെ തുടർന്നേക്കും.

മനുഷ്യനെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നത് മറ്റെല്ലാകാലത്തെക്കാളു പ്രത്യക്ഷത്തിൽ അധികരിച്ച ഇക്കാലത്ത് ഇത്തരം ഓർമ്മകളെ ഉറക്കെ പറയുന്നതും ഒരു പ്രതിഷേധമാണ്. മനുഷ്യരായി, മറ്റുള്ളവൻ്റെ വിശപ്പുകൾക്കും വേദനകൾക്കും ആശ്വാസമാവാൻ കഴിയുന്ന മനുഷ്യരാവാൻ നോമ്പുകാലങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ‘നോമ്പോർമ്മകൾ’  എന്ന പംക്തിയിൽ റമദാൻ കാലത്തെ നിങ്ങളുടെ മറക്കാൻ കഴിയാത്ത ഓർമ്മകൾ  പ്രസിദ്ധീകരിക്കാനായി അയക്കൂ…. 

നിങ്ങളുടെ രചനകൾ 7907488390 എന്ന നമ്പറിൽ വാട്ട്സ്ആപ്പിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കാം. രചനകൾക്കൊപ്പം നിങ്ങളുടെ പൂർണ്ണമായ പേരും ചിത്രവും ഉൾപ്പെടുത്താൻ മറക്കല്ലേ.