ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; അടുത്ത അഞ്ച് ദിവസങ്ങളില്‍ കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


കോഴിക്കോട്: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാല്‍ യാതൊരു കാരണവശാലും ആരും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ – വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയില്‍ ഒഡിഷ – ഛത്തീസ്ഗഡ് ദിശയിലൂടെ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.