നാളുകൾ നീണ്ടു നിന്ന സംഘർഷങ്ങൾ; പ്രതിഷേധങ്ങൾ, ഹർത്താൽ; വാർത്തകളിൽ നിറഞ്ഞ മുത്താമ്പി ടൗണിലെ കോണ്‍ഗ്രസ് കൊടിമരം ഒടുവിൽ പൊതുമരാമത്ത് വകുപ്പ് പൊലീസ് സഹായത്തോടെ പൊളിച്ചു മാറ്റി


കൊയിലാണ്ടി: മുത്താമ്പിയിൽ ദിവസങ്ങളോളം സംഘർഷാവസ്ഥ സൃഷ്ടിച്ച് സംസ്ഥാന തലത്തിലുൾപ്പടെ ശ്രദ്ധ നേടിയ കൊടിമരം പൊതുമരാമത്ത് വകുപ്പ് പൊളിച്ചു മാറ്റി. മുത്താമ്പി ടൗണിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ്സ് കൊടിമരമാണ് പൊലീസ് സഹായത്തോടെ മാറ്റിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് കൊടിമരം പൊളിച്ചു മാറ്റിയത്.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പോലീസിന്റെ സഹായത്തോടെ പി.ഡബ്ല്യു.ഡി അധികൃതര്‍ കൊടിമരം മാറ്റിയത്. ജെ.സി.ബി ഉപയോഗിച്ച് പിഴുത് മാറ്റുകയായിരുന്നു. പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങളും സ്തുപങ്ങളും മാറ്റുന്നതിന്റെ ഭാഗമായാണ് ഇതും മാറ്റുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം നിരവധി സംഘർഷങ്ങൾക്ക് ഈ കൊടി മരം വഴി ഒരുക്കിയിരുന്നു.

സംഘർഷത്തിനിടെ സി.പി.എം പ്രവർത്തകർ കൊടിമരത്തിൽ കരി ഓയിൽ ഒഴിക്കുകയും പിന്നീട് ചുവന്ന പെയിന്റ് അടിച്ച് പാർട്ടി കൊടി ഉയർത്തുകയും ചെയ്തിരുന്നു. ഇതിനെ തിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രദേശത്തെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ നാരായണൻ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നത് വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രദേശത്ത് ഹര്‍ത്താല്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടായി.

മുത്താമ്പിയിലെ കോൺഗ്രസ് കൊടിമരവുമായി ബന്ധപ്പെട്ട വാർത്തകൾ


Summery: Public works department  removed flagpole of congress party located in Muthambi town, with the help of Koyilandy police. The flagpole was famous in the time of CPM-congress clashes.