തിക്കോടി ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ചെങ്കൊടി പാറിച്ച് എൽ.ഡി.എഫ്; എതിർ സ്ഥാനാർത്ഥിക്ക് ആകെകിട്ടിയ വോട്ടിനേക്കാൾ ഭൂരിപക്ഷം നേടി വൻ വിജയം


 

തിക്കോടി: സീറ്റ് നിലനിർത്തി തിക്കോടിയിൽ എൽ.ഡി.എഫിന് വൻ വിജയം. തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത് വാർഡ് ഉപതിരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. സി.പി.എമ്മിന്റെ ഷീബ പുൽപ്പാണ്ടി 448 വോട്ടിനാണു വിജയിച്ചത്.

യു.ഡി.എഫിന്റെ അഡ്വ. അഖില പുതിയോട്ടിലിനെയും ബി.ജെ.പിയിലെ ബിൻസി ഷാജിയെയും പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയം കൊയ്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് 791 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 343 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുണ്ടായി. ബി ജെ പിക്ക് 209 വോട്ട് മാത്രമാണ് ലഭിച്ചത്.

വാർഡ് മെമ്പർ ആയിരുന്ന സി.പി.എമ്മിലെ ശ്രീലക്ഷ്മി രാജി വെച്ചതോടെ ഉണ്ടായ ഒഴിവിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ 526 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് ഇവിടെ ഉണ്ടായിരുന്നത്.

കൊയിലാണ്ടി താലൂക്ക് തഹസിൽദാർ കെ മുരളീധരൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പിൽ 1343 പേർ വോട്ട് രേഖപ്പെടുത്തി.