“നാരായണേട്ടാ, ഇത്രയും ഉറച്ച മനസ്സുള്ള കോൺഗ്രസുകാരനെ ഞാൻ ആദ്യമായി കാണുകയാ”; മുത്താമ്പിയിൽ കൊടിമര പ്രശ്നത്തിൽ ഒറ്റയ്ക്ക് നിരാഹാര സമരം ചെയ്ത് വിജയിപ്പിച്ച നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിളി എത്തി; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: നാരായണേട്ടാ… ആ വിളിയിലുണ്ടായിരുന്നു സ്നേഹവും അഭിമാനവുമൊക്കെ. ഇന്ന് വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി പുതുക്കാട് നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിളി എത്തിയത്. ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടുവിലിരുന്നാണ് നാരായണൻ ആ വീഡിയോ കോളിൽ സംസാരിച്ചത്. മുഖം നിറഞ്ഞ ചിരിയോടെയും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും.. താൻ ഏറെ സ്നേഹിക്കുന്ന പാർട്ടിക്കായി നില കൊള്ളാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവുമുണ്ടായിരുന്നു.

നാരായണേട്ടാ എന്ന വിളിയോട്, ഏട്ടാ വേണ്ട എന്ന് പറഞ്ഞാണ് നാരായണൻ പ്രതികരിച്ചത്. താൻ അത്ഭുതപെട്ടുപോയെന്നും ഇത്രയും ഉറച്ച മനസ്സുള്ള കോൺഗ്രസുകാരനെ ഞാൻ ആദ്യമായി കാണുകയാണ് എന്നും സുധാകരൻ പറഞ്ഞു. കെ.പി.സി.സി യുടെ എല്ലാ ആദരവുകളും അദ്ദേഹം അറിയിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ വിളി ഏറെ സന്തോഷം നൽകിയെന്ന് നാരായണൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഒപ്പം ഉണ്ടായിരുന്നു യൗവ്വനക്കാർ പാർട്ടിയുടെ ശക്തിയാണെന്നും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്താമ്പിയിലെ സാമൂഹിക പ്രവർത്തനങ്ങളിലും ഏറെ മുൻപന്തിയിൽ നിൽക്കുന്നയാളാണ് നാരായണൻ.

കഴിഞ്ഞ നാലു ദിവസങ്ങളായി മുത്താമ്പിയിൽ നടന്ന സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടികൊണ്ട് കോൺഗ്രസ് കൊടിമരത്തിൽ സി.പി.എം പ്രവർത്തകർ ചുവപ്പു ചായം പൂശി സി.പി.എം പതാക ഉയർത്തിയതിൽ മനം നൊന്താണ് നാരായണൻ ഇന്ന് പോരാട്ടത്തിനിറങ്ങിയത്. തങ്ങളുടെ കൊടിമരത്തിൽ മൂവർണ ചായം പൂശി കൊടി ഉയർത്തിയാൽ മാത്രമേ താൻ ജലപാനം കഴിക്കു എന്ന ഉറച്ച തീരുമാനത്തിൽ പ്രതിഷേധം ആരംഭിച്ചു.

ഇന്ന് നടത്തിയ ഒറ്റയാൾ പോരാട്ടം നിമിഷങ്ങൾക്കകമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വയറലായത്. ഒടുവിൽ കൊടിമരത്തിൽ പതാക ഉയർത്തിയ ശേഷം ടി സിദ്ധിഖും കെ പ്രവീണ്കുമാരും ചേർന്ന് നാരങ്ങാ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. സമരം ജനങ്ങൾ ഏറ്റെടുത്തു. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ വയറലായതോടെയാണ് കെ സുധാകരന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാരായണനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിക്കുകയായിരുന്നു.