‘ഏതോ പ്രാകൃത കാലത്ത് എത്തി നില്‍ക്കും പോലെ! വസ്ത്രത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും ബലാത്സംഗം ചെയ്യാം, കോടതി ഉണ്ടല്ലോ രക്ഷപ്പെടുത്താന്‍, ഇത് ഭരണഘടനാ സ്ഥാപനമോ സദാചാര കോടതിയോ?’; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലെ കോടതി പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം


കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയില്‍ കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരമാര്‍ശത്തിനെതിരെ രംഗത്തെത്തിയത്.

കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം ജുഡീഷ്യല്‍ സംവിധാനത്തിന് മൊത്തത്തില്‍ നാണക്കേടാണെന്ന് അഡ്വ. സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്നും ജുഡീഷ്യറിയിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന ഇത്തരം വിധികള്‍ക്ക് കടിഞ്ഞാണിടണമെന്നും അവര്‍ പ്രതികരിച്ചു.

വിചാരണയ്ക്ക് മുമ്പ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വഴി ഫലത്തില്‍ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി ഫേസ്ബുക്കില്‍ കുറിച്ചു. ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്‍ത്തുന്ന ഇത്തരം നടപടികളില്‍ ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണെന്നും സതീദേവി പറഞ്ഞു.

കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു രാജ്യത്ത് ഇന്നും സ്ത്രീകള്‍ ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തു നിന്നുപോലും നേരിടേണ്ടി വരുന്നു എന്നുള്ളത് അപഹാസ്യമാണെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പൊലീസ് റിപ്പോര്‍ട്ടാണ് മുഖ്യസ്രോതസ്സെന്നും സിവിക് ചന്ദ്രന്‍ പറയുന്നതല്ലെന്നും സാമൂഹ്യപ്രവര്‍ത്തക ജെ.ദേവിക പറഞ്ഞു. പെണ്ണിന്റെ വസ്ത്രധാരണത്തിലെ പ്രശ്‌നം കൊണ്ടാണ് ബലാത്സംഗം നടക്കുന്നതെന്ന പൊതുബോധ നിലവിളികള്‍ക്കൊപ്പം കോടതിയും നിന്ന് കൊടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പൊതുപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. വിധിയെ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഭരണഘടനാ സ്ഥാപനമാണോ അതോ സദാചാര കോടതിയാണോ എന്നാണ് ഡോ. ജിനേഷ് പി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതികരണങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ വായിക്കാം:

അഡ്വ. സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള

‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫ്കളില്‍ നിന്നും പരാതിക്കാരി ലൈംഗിക ചോതന ഉണര്‍ത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നില്‍ക്കില്ല ‘.
സിവിക് ചന്ദ്രന് ജാമ്യംഅനുവദിച്ചു കൊണ്ടുള്ള ബഹു കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങളാണിവ.
ഈ സീരിസിലെ രണ്ടാമത്തെ ഉത്തരവാണിത് .വാര്‍പ്പ് മാതൃകാ സങ്കല്പങ്ങളെ (ജന്‍ഡര്‍ stereotyping)അടിസ്ഥാന പ്പെടുത്തിയും സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന മിഥ്യാ ധരണകള്‍ ഊട്ടി ഉറപ്പിക്കുന്ന തരത്തിലും കീഴ്‌കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന അപര്‍ണ ഭട് v. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലെ ബഹു സുപ്രീം കോടതിയുടെ 2021-ലെ കര്‍ക്കശമായ നിര്‍ദേശത്തെ മറികടന്നു കൊണ്ടാണ് ഇത്തരം പിന്തിരിപ്പന്‍ ഉത്തരവ് കീഴ് കോടതിയില്‍ നിന്നും ഉണ്ടായത് ..ലൈംഗിക അതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യവും, മുന്‍കൂര്‍ ജാമ്യവും ഒക്കെ കോടതികള്‍ അനുവദിക്കുന്നത് സര്‍വ സാധാരണം. പക്ഷെ അതിനുള്ള കാരണങ്ങള്‍ നിരത്തുമ്പോള്‍ പരാതിക്കാരിയുടെ വസ്ത്രധാരണ രീതിയാണ് എല്ലാത്തിനും കാരണമെന്നും, അതുകൊണ്ട് തന്നെ പ്രതി യില്‍ കുറ്റം ചാര്‍ത്താന്‍ കഴിയില്ലെന്നും മറ്റും ഇക്കാലത്തെ ഉത്തരവുകളില്‍ എഴുതിപിടിപ്പിക്കുന്നത് ജുഡീഷ്യല്‍ സംവിധാനത്തിന് മൊത്തത്തില്‍ നാണക്കേടാണ്.ബഹു. ഹൈക്കോടതിയുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണം.ജുഡീഷ്യറി യിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന ഇത്തരം വിധികള്‍ക്ക് കടിഞ്ഞാണിടണം…

അഡ്വ. പി.സതീദേവി

വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.
സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരമാണ്. ‘പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 354 എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല”, എന്നാണ് ഉത്തരവില്‍ പറയുന്നത്.


ജാമ്യം നല്‍കുന്ന വേളയില്‍ ജാമ്യത്തിനായുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുക എന്നതിലുപരി കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ജാമ്യം നല്‍കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല.
തെളിവുകള്‍ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുന്‍പു തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതു വഴി ഫലത്തില്‍ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളില്‍ വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്‍ത്തുന്ന ഇത്തരം നടപടികളില്‍ ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണ്.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍

എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ വളരെ മോശമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയിട്ടുള്ളത് . ലൈംഗികമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും,ഇന്ത്യന്‍ ശിക്ഷാ നിയമം 354 ആം വകുപ്പ് പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്ന ന കോടതി പരാമര്‍ശം അപഹാസ്യവും അപലനീയവുമാണ്
സ്വാതന്ത്ര്യം ലഭിച്ച് 75 ആം വാര്‍ഷികം ആഘോഷിക്കുന്ന ഒരു രാജ്യത്ത് ഇന്നും സ്ത്രീകള്‍ ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തു നിന്നുപോലും നേരിടേണ്ടി വരുന്നു എന്നുള്ളത് അപഹാസ്യമാണ്. ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിനു തൊട്ടു പിന്നാലെയാണ് കേരളത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്.
പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക വേദനയും പരിഹാസങ്ങളെയും ചൂഷണങ്ങളെയും ഭയന്ന് പരാതിപ്പെടാതെ ജീവിക്കുന്ന ഒരുപാട് ഇരകള്‍ നമുക്കിടയിലുണ്ട്. പൗരാവകാശങ്ങള്‍ സംരക്ഷിക്കേണ്ട കോടതിയില്‍ നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് സ്ത്രീകളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. നീതി ലഭിക്കില്ല എന്നൊരു പൊതുബോധത്തിലേക്ക് സ്ത്രീ സമൂഹത്തെ തള്ളി വിടാന്‍ മാത്രമേ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉപകരിക്കുകയുള്ളൂ. വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ പരാതി നിലനില്‍ക്കില്ല എന്ന തരത്തില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ നടത്തിയിട്ടുള്ള പരാമര്‍ശം ഒട്ടും ഭൂഷണമല്ല. ഒരു പുരോഗമന സമൂഹത്തിന് ചേരാത്ത തരത്തിലുള്ള ഇത്തരം കോടതി പരാമര്‍ശത്തില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരള സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ശ്രീജ നെയ്യാറ്റിന്‍കര

സിവിക് ചന്ദ്രന്‍ വിഷയത്തില്‍ നിയമ പോരാട്ടവും ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന ഞങ്ങള്‍ ഒരു സംഘം പെണ്ണുങ്ങള്‍, പ്രസ്തുത കേസുകളില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ കോഴിക്കോട് ജില്ലാ കോടതി പുറപ്പെടുവിച്ച ജഡ്ജ്‌മെന്റുകള്‍ കണ്ട് അന്തം വീട്ടിരിക്കുകയാണ്… ഏതോ പ്രാകൃത കാലത്ത് എത്തി നില്‍ക്കും പോലെ ഞങ്ങള്‍ക്കതനുഭവപ്പെടുന്നു …
പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോസില്‍ പരാതിക്കാരി ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നു എന്നത് കൊണ്ട് പ്രതിക്കെതിരെ 354A
നിലനില്‍ക്കില്ലത്രെ… ഒരു ജഡ്ജ്മെന്റില്‍ എഴുതി വച്ചിരിക്കുന്നതാണിത്
അഥവാ പെണ്ണിന്റെ വസ്ത്രധാരണത്തിലെ പ്രശ്‌നം കൊണ്ടാണ് ബലാല്‍സംഗം നടക്കുന്നത് എന്ന പൊതുബോധ നിലവിളികള്‍ക്കൊപ്പം കോടതിയും നിന്നു കൊടുക്കുന്ന ദയനീയ കാഴ്ച ..
ആദ്യകേസിലെ വിധിക്കെതിരെ ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുകയാണ് … രണ്ടാമത്തെ ഈ വിധിയേയും നിയമപരമായും രാഷ്ട്രീയമായും ഞങ്ങള്‍ നേരിടും …
വസ്ത്രത്തിന്റെ പേര് പറഞ്ഞിനി ആരേയും ആര്‍ക്കും ബലാല്‍സംഗം ചെയ്യാം കോടതിയുണ്ടല്ലോ രക്ഷപ്പെടുത്താന്‍…

അഡ്വ. പി.സതീദേവി

വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.
സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരമാണ്. ‘പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 354 എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല”, എന്നാണ് ഉത്തരവില്‍ പറയുന്നത്.

ജാമ്യം നല്‍കുന്ന വേളയില്‍ ജാമ്യത്തിനായുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുക എന്നതിലുപരി കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ജാമ്യം നല്‍കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല.
തെളിവുകള്‍ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുന്‍പു തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതു വഴി ഫലത്തില്‍ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളില്‍ വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്‍ത്തുന്ന ഇത്തരം നടപടികളില്‍ ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണ്.

ഡോ. ജിനേഷ് പി.എസ്

പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോകളില്‍ നിന്ന് ലൈംഗികചോദന ഉണര്‍ത്തുന്ന വസ്ത്രങ്ങള്‍ പരാതിക്കാരി ധരിച്ചിരുന്നതായി മനസ്സിലായി എന്നും അതുകൊണ്ട് പ്രതിക്കെതിരെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് ചാര്‍ജ് (354A) നിലനില്‍ക്കില്ല എന്നും കോടതി.
സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ നിന്ന് ആണ്.
എന്തൊരു ഉത്തരവാണിത്???
ഇത് ഒരു ഭരണഘടനാ സ്ഥാപനമോ അതോ സദാചാര കോടതിയോ???
പരിതാപകരം.


കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തോടുള്ള വായനക്കാരുടെ പ്രതികരണം വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…